മിന്നും പ്രകടനം കാഴ്ച്ചവെച്ചു, ബ്ലാസ്റ്റേഴ്‌സിലെ ആ താരങ്ങൾക്ക്‌ കിബുവിന്റെ പ്രശംസ !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ സമനില വഴങ്ങാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ യോഗം. അവസാനമിനുട്ട് വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സ് ഒടുവിൽ കളി കൈവിടുകയായിരുന്നു. ഇതോടെ നിർണായകമായ രണ്ട് പോയിന്റ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ കയ്യിൽ നിന്നും വഴുതി പോയത്. തുടർച്ചയായ രണ്ടാം ജയം നേടാനുള്ള അവസരമായിരുന്നു ബ്ലാസ്റ്റേഴ്‌സ് കളഞ്ഞു കുളിച്ചത്. ഏതായാലും ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരങ്ങളുടെ മിന്നും പ്രകടനം ആരാധകർക്ക്‌ ആശ്വാസം നൽകുന്നതാണ്. ഗോളടിച്ച് കൊണ്ട് മിന്നിയ മുറെയും സൂപ്പർ താരം ഹൂപ്പറും ഫകുണ്ടോ പെരേരയും ഫോമിലേക്ക് മടങ്ങിയെത്തിയ സഹലുമൊക്കെ വളരെ ഒത്തിണക്കത്തോടെയാണ് ഇന്നലെ കളിച്ചത്. സഹലിന്റെ ആത്മാർത്ഥയും മനോഭാവവും ഇന്നലെ ഏറെ കയ്യടി നേടിയിരുന്നു. ഈ താരങ്ങളുടെ പ്രകടനം കോച്ച് കിബുവും സന്തോഷവാനാണ്. മത്സരശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരങ്ങളെ കുറിച്ച് കിബു സംസാരിച്ചത്.

” ഞങ്ങളുടെ ആക്രമണനിരയിൽ സഹലുണ്ട്, ഫക്കുണ്ടോ, ഗാരി ഹൂപ്പർ, ജോർദാൻ മുറെ എന്നിവരെല്ലാമുണ്ട്.മുന്നേറ്റനിരയിൽ ഈ നാലു പേർക്കൊപ്പം ഫുൾ ബാക്ക് സ്ഥാനത്തുള്ള നിഷു കുമാറും ജെസലും കൂടിചേരുന്നുണ്ട്. ഇവർ എല്ലാവരും ആക്രമണം നയിക്കുന്നവരാണ്. ഞങ്ങൾ ഒരു അറ്റാക്കിങ് ടീം ആണ്. ഒരുപാട് അവസരങ്ങൾ ഞങ്ങൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. നല്ല രീതിയിൽ തന്നെയാണ് മത്സരം മുന്നോട്ട് പോയത്. ഒരുപാട് ക്വാളിറ്റി താരങ്ങൾ ഉള്ള ഒരു ബുദ്ധിമുട്ടേറിയ ടീമിനെതിരെയാണ് ഞങ്ങൾ കളിച്ചത്. ഞങ്ങളുടെ ഡിഫൻസീവ് പ്രകടനം മികച്ചതായിരുന്നു. അത്‌ ഡിഫന്റർമാരുടെ മാത്രം ഗുണം കൊണ്ടല്ല, മറിച്ച് ടീമിന്റെ മൊത്തത്തിലുള്ള ഗുണം കൊണ്ടാണ്. ഒരുപിടി മികച്ച താരങ്ങൾ ഈസ്റ്റ്‌ ബംഗാളിനുണ്ട്. എന്നിട്ടും അവർക്ക് വേണ്ട വിധത്തിൽ ഉള്ള അവസരങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല ” കിബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *