നെയ്മറടങ്ങുന്ന പിഎസ്ജി സ്‌ക്വാഡുമായി കൂടിക്കാഴ്ച്ച നടത്തി പോച്ചെട്ടിനോ !

കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജിയുടെ പരിശീലകനായി മൗറിസിയോ പോച്ചെട്ടിനോ ചുമതലയേറ്റത്. പുറത്താക്കപ്പെട്ട തോമസ് ടുഷേലിന്റെ പകരക്കാരനായാണ് പോച്ചെട്ടിനോ പിഎസ്ജിയിലെത്തിയത്. തുടർന്ന് ഇന്നലെ താരങ്ങളുമായി പോച്ചെട്ടിനോ കൂടിക്കാഴ്ച്ച നടത്തി. സൂപ്പർ താരം നെയ്മർ ജൂനിയറടങ്ങുന്നവരെയാണ് പോച്ചെട്ടിനോ കണ്ടത്. പോച്ചെട്ടിനോക്കൊപ്പം ക്ലബ് പ്രസിഡന്റ്‌ നാസർ അൽ ഖലീഫിയും സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോയുമുണ്ടായിരുന്നു. ക്ലബ്ബിന്റെ പദ്ധതികളെ കുറിച്ച് എല്ലാവരും ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.

അതേസമയം നെയ്മർ ജൂനിയർ ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. താരം പരിക്കിൽ നിന്നും മുക്തനായിട്ടില്ല. മൂന്നാഴ്‌ച്ച മുമ്പ് ലിയോണിനെതിരെ നടന്ന മത്സരത്തിലായിരുന്നു നെയ്മർക്ക്‌ പരിക്കേറ്റത്. താരത്തിന്റെ ഇടതു ആങ്കിളിനാണ് പരിക്കേറ്റിരുന്നത്. അതിനാൽ തന്നെ ടീമിനൊപ്പം പരിശീലനമൈതാനത്തേക്ക് താരം പോയിട്ടില്ല. ജനുവരിയിൽ തന്നെ താരം മടങ്ങിയെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്മറുടെ ക്രിസ്മസ് ആഘോഷം ബ്രസീലിൽ വെച്ചായിരുന്നു. അത്‌ വിവാദത്തിൽ പെടുകയും ചെയ്തിരുന്നു. ശനിയാഴ്ചയാണ് താരം ബ്രസീലിൽ നിന്നും ഫ്രാൻസിൽ എത്തിയത്. താരത്തിന്റെ കരാർ പുതുക്കാൻ പോച്ചെട്ടിനോ സമ്മർദ്ദം ചെലുത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ബുധനാഴ്ച്ച രാത്രിയാണ് പിഎസ്ജി പോച്ചെട്ടിനോക്ക്‌ കീഴിൽ ആദ്യ മത്സരം കളിക്കുക. സെന്റ് എറ്റിനിയാണ് എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *