എയ്ബറിനോടേറ്റ സമനില, കൂമാന്റെ ബാഴ്‌സയെ തേടിയെത്തിയത് നാണക്കേടിന്റെ കണക്കുകൾ !

ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സലോണയെ എയ്ബർ സമനിലയിൽ തളച്ചിരുന്നു. ബാഴ്സലോണ സമനില പിടിച്ചു വാങ്ങി എന്ന് പറയുന്നതാവും ശരി. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം ഉസ്മാൻ ഡെംബലെയുടെ ഗോളിലൂടെയാണ് ബാഴ്‌സ സമനില നേടിയത്. സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് നടന്ന മത്സരത്തിൽ അവസരങ്ങൾ ലഭിച്ചിട്ടും ബാഴ്സക്ക്‌ അത്‌ മുതലെടുക്കാനാവാതെ പോവുകയായിരുന്നു. പെനാൽറ്റി ലഭിച്ചിട്ട് പോലും അത്‌ ലക്ഷ്യത്തിലെത്തിക്കാൻ ബാഴ്സക്ക്‌ സാധിച്ചില്ല. മാത്രമല്ല മെസ്സിയുടെ അഭാവം ബാഴ്സയെ ബാധിക്കുകയും ചെയ്തു. മത്സരത്തിൽ സമനില വഴങ്ങിയതോടെ ഒരു പോയിന്റ് പോക്കറ്റിലാക്കാൻ എയ്ബറിന് സാധിച്ചു. ഇത് നാണക്കേടിന്റെ കണക്കുകളാണ് കൂമാന്റെ ബാഴ്സക്ക്‌ നൽകിയിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് എയ്ബർ ക്യാമ്പ് നൗവിൽ നിന്നും ഒരു പോയിന്റ് കരസ്ഥമാക്കുന്നത്.

ഇതുവരെ ബാഴ്സയെ അവരുടെ തട്ടകത്തിൽ വെച്ച് തറപറ്റിക്കാനോ സമനിലയിൽ തളക്കുവാനോ എയ്ബറിന് സാധിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇത്തവണ ഒരു പോയിന്റ് നേടിയതിലൂടെ അത്‌ എയ്ബർ നേടിയെടുത്തു. കൂമാൻ പരിശീലകനായ ശേഷം ഒട്ടേറെ കണക്കുകൾ മാറിമറിഞ്ഞിരുന്നു. 12 മത്സരങ്ങൾക്ക്‌ ശേഷം ലാലിഗയിൽ ആദ്യമായാണ് ബാഴ്‌സ അത്രയും കുറവ് പോയിന്റുകൾ നേടിയിരുന്നത്. മാത്രമല്ല ലാലിഗയിൽ ആദ്യമായി ഡിയഗോ സിമിയോണിയുടെ അത്ലെറ്റിക്കോയോട് തോറ്റതും കൂമാന്റെ ബാഴ്‌സയായിരുന്നു. 2013-ന് ശേഷം ആദ്യമായി ക്യാമ്പ് നൗവിൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്സ തോറ്റതും കൂമാന് കീഴിലാണ്. ഇങ്ങനെ മോശം പ്രകടനം തന്നെയാണ് കൂമാന്റെ ബാഴ്‌സ കാഴ്ച്ചവെക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ.

Leave a Reply

Your email address will not be published. Required fields are marked *