പോച്ചെട്ടിനോയെത്തിയാൽ മെസ്സിയുമെത്താൻ സാധ്യതയുണ്ടെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ !

കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജി തങ്ങളുടെ പരിശീലകൻ തോമസ് ടുഷേലിനെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. എന്നാൽ പകരം ആര് എന്നുള്ളത് ഇതുവരെ തീരുമാനമായിട്ടില്ല. പരിശീലകനായി എത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് മുൻ ടോട്ടൻഹാം പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയെയാണ്. അദ്ദേഹവുമായി പിഎസ്ജി അധികൃതർ സംസാരിച്ചുവെന്നും ഉടൻ കരാറിൽ എത്തുമെന്നും ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഏതായാലും ഈ അർജന്റൈൻ പരിശീലകൻ പിഎസ്ജിയുടെ കോച്ച് ആയാൽ അത്‌ പിഎസ്ജിക്ക്‌ മറ്റൊരു തരത്തിൽ ഗുണം ചെയ്യാൻ സാധ്യതയുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഫ്രഞ്ച് മാധ്യമങ്ങൾ. സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജിയിലെത്തിക്കാൻ ഈ അർജന്റൈൻ പരിശീലകന് കഴിയുമെന്നാണ് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയന്റെ കണ്ടെത്തൽ.

മെസ്സിയെ പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന കാര്യം മുമ്പ് തന്നെ പോച്ചെട്ടിനോ വെളിപ്പെടുത്തിയിരുന്നു. കൂടാതെ മെസ്സി പിഎസ്ജിയിലേക്കെത്തുമെന്ന അഭ്യൂഹങ്ങൾ ഈയിടെ വ്യാപകമായി പ്രചരിച്ചിരിച്ചിരുന്നു. സൂപ്പർ താരം നെയ്മർ ജൂനിയറുടെ പ്രസ്താവനയുമായി ബന്ധപ്പെടുത്തി കൊണ്ടാണ് ഈ കിംവദന്തികൾ പരന്നിരുന്നത്. അതേസമയം മെസ്സി തന്റെ ഭാവിയെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ബാഴ്സയുടെ പ്രസിഡൻഷ്യൽ ഇലക്ഷന് ശേഷമായിരിക്കും മെസ്സി തന്റെ ഭാവിയെ കുറിച്ച് തീരുമാനിക്കുക. അതേസമയം മെസ്സി പിഎസ്ജിയിലേക്ക് എത്തുമെന്ന് തന്നെയാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *