എന്ത്കൊണ്ട് മെസ്സി മികച്ചവനാകുന്നു, ഒബ്ലാക്കിന് പറയാനുള്ളത് ഇങ്ങനെ !

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സിയെന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. എന്നാൽ മികച്ചതിൽ മികച്ചത് ആരാണെന്ന കാര്യം വരുമ്പോഴാണ് ഫുട്ബോൾ ആരാധകർക്കിടയിൽ വ്യത്യസ്ഥമായ അഭിപ്രായങ്ങൾ വരാറുള്ളത്. ഏതായാലും തന്നെ സംബന്ധിച്ചെടുത്തോളം മികച്ച താരം ലയണൽ മെസ്സിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ ഗോൾകീപ്പർ യാൻ ഒബ്ലാക്ക്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഒബ്ലാക് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. മെസ്സിയെ നേരിടുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു ഒബ്ലാക്. താൻ ചുവട് വെക്കുന്നതെങ്ങോട്ടോ അതിന്റെ വിപരീതദിശയിലേക്ക് പന്തടിക്കാൻ മെസ്സിക്ക് പ്രത്യേകകഴിവാണ് എന്നും അതിനാലാണ് മെസ്സി ഏറ്റവും മികച്ച താരമാവുന്നതെന്നുമാണ് ഒബ്ലാക്കിന്റെ കണ്ടെത്തൽ.

” മെസ്സി എന്റെ കാലുകളെ വീക്ഷിച്ചു കൊണ്ടേയിരിക്കും. ഞാനൊന്ന് ചുവട് മാറ്റിയാൽ, അദ്ദേഹം അതിന്റെ വിപരീതദിശയിലേക്ക് പന്തടിക്കും. ഇതുകൊണ്ടാണ് അദ്ദേഹം മികച്ച താരമായിരിക്കുന്നത് ” ഒബ്ലാക്ക് സ്കൈ സ്പോർട്സിനോട് പറഞ്ഞു. അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെയും യാൻ ഒബ്ലാക്കിനെതിരെയും നിരവധി ഗോളുകൾ നേടിയ താരമാണ് മെസ്സി. നിലവിൽ തകർപ്പൻ ഫോമിലാണ് ഒബ്ലാക്കും അത്‌ലെറ്റിക്കോ മാഡ്രിഡും കളിക്കുന്നത്. ഈ ലാലിഗയിൽ ഒരു തവണ മാത്രമാണ് അത്‌ലെറ്റിക്കോ പരാജയമറിഞ്ഞത്. പതിമൂന്ന് മത്സരങ്ങളിൽ നിന്ന് കേവലം അഞ്ച് ഗോളുകൾ മാത്രമാണ് ഒബ്ലാക് വഴങ്ങിയത്. നിലവിൽ ഒന്നാം സ്ഥാനത്താണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌. അതേസമയം ഈ സീസണിൽ നടന്ന മത്സരത്തിൽ ഒബ്ലാക്കിനെതിരെ ഗോൾ നേടാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *