ഒരു ഗോൾ ദൂരം മാത്രം, പെലെയുടെ റെക്കോർഡിനൊപ്പമെത്താനൊരുങ്ങി മെസ്സി !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്സി ബാഴ്സലോണ ലെവാന്റെയെ തകർത്തു വിട്ടത്. സൂപ്പർ താരം ലയണൽ മെസ്സി നേടിയ ഗോളാണ് ബാഴ്‌സക്ക്‌ നിർണായകവിജയം നേടികൊടുത്തത്. രണ്ട് തുടർതോൽവികൾക്ക് ശേഷം വിജയം നേടാനായത് ബാഴ്സയുടെ ആത്മവിശ്വാസം വർധിപ്പിച്ചേക്കും. അതേസമയം ആ അപൂർവറെക്കോർഡിലേക്കുള്ള ദൂരം ഒന്നുകൂടെ കുറച്ചിരിക്കുകയാണ് ലയണൽ മെസ്സി. ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് ഇനി ബാഴ്സ ജേഴ്‌സിയിൽ ഒരു ഗോൾ കൂടി മതി. ഇന്നലത്തെ ഗോളോട് കൂടി 642 ഗോളുകൾ മെസ്സി നേടിക്കഴിഞ്ഞു.

ബ്രസീലിയൻ ക്ലബ് സാന്റോസിന് വേണ്ടി പെലെ 643 ഔദ്യോഗികഗോളുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് നിലവിൽ പെലെയുടെ പേരിലാണ്. രണ്ട് ഗോൾ കൂടി മെസ്സി നേടിയാൽ ഈ റെക്കോർഡ് താരത്തിന് സ്വന്തമാകും. ഈ വർഷം തന്നെ മെസ്സി ഈ റെക്കോർഡ് കടപ്പുഴക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ റയൽ സോസിഡാഡിനെതിരെയാണ് ഇനി ബാഴ്‌സയുടെ അടുത്ത മത്സരം. അതിന് ശേഷം വലൻസിയ, റയൽ വല്ലഡോലിഡ്, എയ്ബർ എന്നിവരെയാണ് മെസ്സിക്ക് നേരിടാനുള്ളത്. ഈ മത്സരങ്ങളിലായി ഈ റെക്കോർഡ് മെസ്സി ഭേടിക്കുമെന്നാണ് ആരാധകപ്രതീക്ഷ.അതേസമയം ഇന്നലത്തെ ഗോളോട് കൂടി ബാഴ്‌സയുടെ പത്താം നമ്പർ ജേഴ്സിയിൽ മെസ്സി 600 ഗോളുകൾ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *