ഫിഫ ബെസ്റ്റിൽ ഇടമില്ല, അതൃപ്തിയുടെ സൂചനകളുമായി നെയ്മർ, പ്രതിഷേധം രേഖപ്പെടുത്തി പിതാവ് !

ഇന്നലെയായിരുന്നു ഫിഫ ബെസ്റ്റ് മെൻസ് പ്ലയെറിന്റെ ചുരുക്കപ്പട്ടിക്ക ഫിഫ പുറത്ത് വിട്ടത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും വീണ്ടും ഇടം കണ്ടെത്തുകയും ഇരുവരോടുമൊപ്പം ലെവന്റോസ്ക്കിയും സ്ഥാനം കണ്ടെത്തുകയും ചെയ്തു. അതേസമയം സാമൂഹികമാധ്യമങ്ങളിൽ ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, കെവിൻ ഡിബ്രൂയിൻ എന്നിവർ ഇതിൽ സ്ഥാനം അർഹിച്ചിരുന്നുവെന്ന് ഒരു കൂട്ടം ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. ഏതായാലും ഈ വിഷയത്തിൽ തനിക്കും അതൃപ്തിയുണ്ടെന്ന് പരോക്ഷമായി രേഖപ്പെടുത്തിയിരിക്കുകയാണ് നെയ്മർ ജൂനിയർ. താരം പങ്കുവെച്ച രണ്ട് ട്വീറ്റിലൂടെയാണ് അതൃപ്തിയുടെ സൂചനകൾ നെയ്മർ പ്രകടിപ്പിച്ചത്.

” ടെന്നീസ് വഴങ്ങാത്തത് മുതൽ ഞാൻ ബാസ്‌ക്കറ്റ് ബോളിലേക്ക് തിരിഞ്ഞു ” എന്നായിരുന്നു നെയ്മറുടെ ആദ്യത്തെ ട്വീറ്റ്.തുടർന്ന് മിനുട്ടുകൾക്ക്‌ ശേഷം നെയ്മർ മറ്റൊരു ട്വീറ്റ് കൂടി പങ്കുവെച്ചു. ” ഞാൻ ബാസ്കറ്റ് ബോളും ഉപേക്ഷിച്ചിരിക്കുന്നു, ഇപ്പോൾ ഞാനൊരു ഗെയിമറാണ് ” ഇതായിരുന്നു നെയ്മറുടെ ട്വീറ്റ്. തീർച്ചയായും തന്നെ പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് ഇതെന്നാണ് പലരും വ്യാഖ്യാനിക്കുന്നത്. അതേസമയം IFHHS ന്റെ ഇലവനിൽ തന്നെ പരിഗണിക്കാത്തതിനെ നെയ്മറും സിൽവയും മുമ്പ് പരിഹസിച്ചിരുന്നു.

അതേസമയം നെയ്മറെ പരിഗണിക്കാത്തതിൽ താരത്തിന്റെ പിതാവ് പ്രത്യക്ഷമായി തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് നെയ്മർ സീനിയർ പ്രതിഷേധം അറിയിച്ചത്. ” ഞങ്ങളെ സംബന്ധിച്ചെടുത്തോളം നീ എപ്പോഴും ബെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബെസ്റ്റ് ക്ലബ്ബിലുമാണ് ഉള്ളത്,തീർച്ചയായും മികച്ച താരങ്ങൾക്കിടയിൽ നിനക്ക് സ്ഥാനമുണ്ട് ” ഇതായിരുന്നു നെയ്മറുടെ പിതാവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് നെയ്മർ പുറത്തെടുത്തിരുന്നത്. പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ നെയ്മർക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *