മെസ്സി പിഎസ്ജിയിലേക്കെന്ന വാർത്തകളോട് പ്രതികരണമറിയിച്ച് പിഎസ്ജി പ്രസിഡന്റ്‌ !

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിലേക്കെന്ന വാർത്തകൾ ഈയിടെ വലിയ തോതിൽ പ്രചാരം പ്രാപിച്ചിരുന്നു. സൂപ്പർ താരം നെയ്മർ ജൂനിയറുടെ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് റൂമറുകൾ പ്രചരിച്ചിരുന്നത്. കഴിഞ്ഞ ദിവസം താൻ പിഎസ്ജിയിൽ തന്നെ തുടരുമെന്ന് നെയ്മർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ നെയ്മറും മെസ്സിയും ഒന്നിക്കാനുള്ള ഏകവഴി മെസ്സി പിഎസ്ജിയിലെത്തുക എന്നുള്ളതാണ്. ഇത് നടപ്പാവുമോ എന്നാണ് ആരാധകർ നോക്കികൊണ്ടിരിക്കുന്നത്.

ഏതായാലും ഈ വിഷയത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് പിഎസ്ജി പ്രസിഡന്റ്‌ നാസർ അൽ ഖലീഫി. നിലവിൽ മെസ്സിയെ കുറിച്ച് സംസാരിക്കാനുള്ള സമയമല്ല ഇതെന്നാണ് ഇദ്ദേഹം അറിയിച്ചത്. മെസ്സിയൊരു ബാഴ്‌സ താരമാണെന്നും മെസ്സിയെയും ബാഴ്‌സയെയും നാം ബഹുമാനിക്കണം എന്നുമാണ് ഖലീഫി പറഞ്ഞത്. മറ്റൊരു ക്ലബ്ബിന്റെ താരത്തെ കുറിച്ച് ഇപ്പോഴേ സംസാരിച്ചു തുടങ്ങുന്നത് ആ ക്ലബ്ബിന് അലോസരമുണ്ടാക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

” നിങ്ങൾക്ക്‌ അറിയാവുന്ന പോലെ തന്നെ എല്ലാ ക്ലബുകളെയും നാം ബഹുമാനിക്കേണ്ടതുണ്ട്. എല്ലാ ക്ലബുകളും നമ്മെ ബഹുമാനിക്കേണ്ടത് നമ്മുടെ ആവിശ്യവുമാണ്. എന്നെ സംബന്ധിച്ചെടുത്തോളം മെസ്സി ഇപ്പോൾ ഒരു ബാഴ്സ താരമാണ്. ഞങ്ങൾ ബാഴ്സയെ ബഹുമാനിക്കുന്നു. അതിനാൽ തന്നെ ഇന്ന് ഇതിനെ കുറിച്ച് സംസാരിക്കാനാവില്ല. ബഹുമാനം നമ്മൾ തുടർന്നു കൊണ്ടേയിരിക്കണം. നമ്മുടെ താരങ്ങളെ പറ്റി മറ്റുള്ള ആളുകൾ സംസാരിച്ചാൽ നമ്മൾക്ക് ഇഷ്ടപെടില്ല എന്നുള്ളത് സ്വാഭാവികമാണ്. അത്കൊണ്ട് തന്നെ നമ്മൾ മറ്റുള്ളവരുടെ താരങ്ങളെ പറ്റിയും സംസാരിക്കുന്നില്ല. അതിനെ കുറിച്ച് സംസാരിക്കാനുള്ള സമയം ട്രാൻസ്ഫർ വിൻഡോയാണ്. ഇപ്പോഴല്ല. അതിനാൽ തന്നെ ബാഴ്‌സയെയും മെസ്സിയെയും ബഹുമാനിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യേണ്ടത് ” നാസർ അൽ ഖലീഫി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *