മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ, ആവേശം പങ്കുവെച്ചുകൊണ്ട് കൂമാൻ പറയുന്നതിങ്ങനെ !

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽ കൂടി നേർക്കുനേർ വരികയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് നടക്കുന്ന മത്സരത്തിലാണ് മെസ്സിയുടെ ബാഴ്സയും ക്രിസ്റ്റ്യാനോയുടെ യുവന്റസും തമ്മിൽ പോരടിക്കുന്നത്.രണ്ട് വർഷത്തിന് ശേഷമാണ് ഇരുവരും നേർക്കുനേർ വരുന്നത്. അതിനാൽ തന്നെ ആരാധകർ എല്ലാം തന്നെ ആവേശത്തിലാണ്.

ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാനും ആവേശത്തിൽ തന്നെയാണ്. ഇരുവരും കളത്തിലിറങ്ങുന്നതിന്റെ സന്തോഷവും ആവേശവും പങ്കുവെക്കാൻ കൂമാൻ മറന്നില്ല.യുവന്റസിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് കൂമാൻ ഇരുവരെ കുറിച്ചും മനസ്സ് തുറന്നത്. താൻ രണ്ടുപേരുടെയും ആരാധകനാണ് എന്നാണ് കൂമാൻ അറിയിച്ചത്.

” ക്രിസ്റ്റ്യാനോ, മെസ്സി എന്നീ രണ്ട് ചാമ്പ്യൻമാരെ കളത്തിൽ കാണുന്നത് അതിശയകരമായ കാര്യമാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ ഏറ്റവും മികച്ച താരങ്ങളാണ് ഇരുവരും. ആരാണ് മികച്ചത് എന്ന് പറയുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം രണ്ടു പേരും അവിശ്വസനീയമായ താരങ്ങളാണ്. ഞാൻ രണ്ട് പേരുടെയും ആരാധകനാണ്. ഒരുപാട് മഹത്തായ രാത്രികൾ നമുക്ക് സമ്മാനിച്ചിട്ടുള്ളവരാണ് ഇരുവരും ” കൂമാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ആദ്യ മത്സരത്തിൽ കൂമാന്റെ ബാഴ്സ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്‌ യുവന്റസിനെ കീഴടക്കിയിരുന്നു. എന്നാൽ ആ മത്സരത്തിൽ കോവിഡ് മൂലം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഒരുപക്ഷെ ഇരുവരും ഏറ്റുമുട്ടുന്ന അവസാനമത്സരമായേക്കും ഇതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *