ബയേൺ വിടാൻ പദ്ധതികളുണ്ടോ? ലെവന്റോസ്ക്കി പറയുന്നു !

കഴിഞ്ഞ സീസണിലെ ബയേണിന്റെ അത്ഭുതകുതിപ്പിൽ നിർണായകപങ്കു വഹിച്ച താരമാണ് റോബർട്ട്‌ ലെവന്റോസ്ക്കി. ചാമ്പ്യൻസ് ലീഗും ബുണ്ടസ്ലിഗയുമുൾപ്പടെ കിരീടങ്ങൾ വാരിക്കൂട്ടിയ ബയേൺ ടീമിന്റെ കുന്തമുനയായിരുന്നു താരം. ഇപ്പോഴിതാ തന്റെ ഭാവിയെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് താരം. ബയേണിൽ തന്നെ കരിയർ അവസാനിപ്പിക്കുമെന്ന കാര്യത്തിൽ താരം ഉറപ്പ് നൽകിയിട്ടില്ല. 2023 വരെ തനിക്ക് ബയേണിൽ കരാറുണ്ടെന്നും അതിന് ശേഷം എന്ത് ചെയ്യണമെന്നുള്ളത് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് ലെവന്റോസ്ക്കി അറിയിച്ചത്. കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടിയ താരമാണ് ലെവന്റോസ്ക്കി. 47 മത്സരങ്ങളിൽ നിന്ന് 55 ഗോളുകളാണ് ലെവന്റോസ്ക്കി ആകെ അടിച്ചു കൂട്ടിയത്. ഈ സീസണിലും താരം ഗോൾവേട്ട തുടരുകയാണ്. രണ്ട് ഹാട്രിക് ഉൾപ്പടെ പതിമൂന്ന് ഗോളുകൾ താരം ഇതുവരെ നേടിക്കഴിഞ്ഞു. മുപ്പത്തിരണ്ടുകാരനായ താരം ഇന്നലെ ദി അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കുകയായിരുന്നു.

” എനിക്ക് 2023 വരെ ബയേണുമായി കരാറുണ്ട്. അതിന് ശേഷം എന്ത് സംഭവിക്കുമെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് ഇനിയും കൂടുതൽ കാലം കളിക്കാൻ കഴിയും എന്നറിയാം.രണ്ടര വർഷം ഇനിയും എനിക്ക് കരാർ അവശേഷിക്കുന്നുണ്ട്. അതിനാൽ തന്നെ അതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഈ സമയം തന്നെ ധാരാളം ” ലെവന്റോസ്ക്കി തുടർന്നു. ” കഴിഞ്ഞ സീസണിൽ ബയേൺ ചെയ്ത കാര്യങ്ങൾ അത്ഭുതാവഹമാണ്. കാരണം ഞങ്ങൾക്ക്‌ സാധ്യമായതെല്ലാം ഞങ്ങൾ നേടിയെടുത്തു ” ലെവന്റോസ്ക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *