അയാളുമായി ഒരു ബന്ധവുമില്ലെന്ന് മെസ്സിയെ അറിയിച്ചിട്ടുണ്ട്, വിവാദങ്ങളെ കുറിച്ച് ഗ്രീസ്‌മാൻ പറയുന്നു !

ദിവസങ്ങൾക്ക്‌ മുമ്പ് ഗ്രീസ്മാന്റെ മുൻ ഏജന്റ് ആയ എറിക് ഒൽഹാട്സ് നടത്തിയ ഒരു പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മെസ്സിയെ രൂക്ഷമായി വിമർശിക്കുകയായിരുന്നു ഇദ്ദേഹം ചെയ്തിരുന്നത്. ഗ്രീസ്‌മാന്റെ മോശം ഫോമിന് കാരണക്കാരൻ മെസ്സിയാണെന്നും മെസ്സി ബാഴ്സയിലെ ഏകാധിപതിയാണ് എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. മെസ്സി ഒരിക്കൽ പോലും ഗ്രീസ്‌മാനുമായി പ്രശ്നങ്ങളില്ല എന്ന് തുറന്നു പറഞ്ഞിട്ടില്ലെന്നും ഇദ്ദേഹം ആരോപിച്ചു. ഇതിനോട് മെസ്സി പ്രതികരിക്കുകയും ചെയ്തിരുന്നു. തനിക്ക് മടുത്തു എന്നാണ് മെസ്സി അറിയിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഗ്രീസ്മാനും പ്രതികരണമറിയിച്ചിരിക്കുകയാണ്. അദ്ദേഹവുമായി ഇപ്പോൾ തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് താൻ മെസ്സിയെ അറിയിച്ചിട്ടുണ്ടെന്നാണ് ഗ്രീസ്‌മാൻ ഇതേകുറിച്ച് പറഞ്ഞത്.ജോർഗേ വൽഡാനോക്ക്‌ നൽകിയ അഭിമുഖത്തിലാണ് ഗ്രീസ്‌മാൻ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

” അദ്ദേഹം എന്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട വ്യക്തിയായിരുന്നു. പക്ഷെ അദ്ദേഹവുമായി എനിക്കിപ്പോൾ യാതൊരു വിധ ബന്ധവുമില്ല. എന്റെ വിവാഹദിവസം മുതൽ അദ്ദേഹവുമായുള്ള ബന്ധത്തിന് ഞാൻ വിരാമമിട്ടതാണ്. ഞാൻ എന്റെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിച്ചതായിരുന്നു. അദ്ദേഹം വന്നില്ല. അതോടെ ഞാൻ അദ്ദേഹവുമായുള്ള ബന്ധം നിർത്തി. എന്റെ അമ്മാവന് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ല. ആ ജേണലിസ്റ്റുകൾ അദ്ദേഹത്തിൽ നിന്നും അത് പറയിപ്പിക്കുകയായിരുന്നു. ഞാൻ അവരോട് സംസാരിച്ചിട്ട് പോലുമില്ലെന്ന് ഞാൻ മെസ്സിയെ അറിയിച്ചിട്ടുണ്ട്. എന്റെ കയ്യിൽ അമ്മാവന്റെ ഫോൺ നമ്പർ പോലുമില്ല. എന്റെ മാതാപിതാക്കളും ഒൽഹാട്സിനോട് സംസാരിക്കാറില്ല. ഇനി ആരും സംസാരിക്കാനും പോവുന്നില്ല. അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടുകളാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. ഡ്രസിങ് റൂമിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത് ” ഗ്രീസ്‌മാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *