സിറ്റിയുമായി കരാർ നീട്ടി പെപ് ഗ്വാർഡിയോള, നെഞ്ചിടിപ്പേറിയത് ബാഴ്സ ആരാധകർക്ക് !

മാഞ്ചസ്റ്റർ സിറ്റിയുമായി തന്റെ കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇന്നലെയാണ് ഇദ്ദേഹം രണ്ട് വർഷം കൂടി ടീമിനൊപ്പമുണ്ടാവുമെന്ന് മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി അറിയിച്ചത്. 2016 മുതൽ സിറ്റിയെ പരിശീലിപ്പിക്കുന്നത് ഗ്വാർഡിയോളയാണ്. 2021-ലായിരുന്നു ഇദ്ദേഹത്തിന്റെ കരാർ അവസാനിക്കാനിരുന്നത്. ഇത് 2023 വരെയാണ് പുതുക്കിയത്. അതേസമയം എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായിരുന്ന വിക്ടർ ഫോണ്ട് ബാഴ്സ ആരാധകർക്ക്‌ ഒരു വാഗ്ദാനം നൽകിയിരുന്നു. താൻ പ്രസിഡന്റ്‌ ആയാൽ പെപ് ഗ്വാർഡിയോളയെ തിരികെയെത്തിക്കാൻ ശ്രമിക്കുമെന്ന്. എന്നാൽ ആ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. 2023 വരെ സിറ്റിയുടെ പരിശീലകനായി പെപ് തന്നെയുണ്ടാവും.

അത് മാത്രമല്ല മെസ്സിയുടെ കാര്യത്തിലും ബാഴ്സ ആരാധകർക്ക്‌ നെഞ്ചിടിപ്പേറിയിട്ടുണ്ട്. പെപ് ഗ്വാർഡിയോള സിറ്റിയിൽ തന്നെ തുടരാൻ തീരുമാനിച്ച സാഹചര്യത്തിൽ മെസ്സി സിറ്റിയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ്. മെസ്സി കരാർ പുതുക്കിയിട്ടില്ല എന്ന് മാത്രമല്ല ബാഴ്സയിൽ അസംതൃപ്തനാണ് എന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞിട്ടുമുണ്ട്. അതിനാൽ തന്നെ മെസ്സി ക്ലബ് വിട്ടേക്കാനുള്ള സാധ്യതകൾ വർധിച്ചു വരികയാണ്. 2008 മുതൽ 2012 വരെ ബാഴ്സയെയും മെസ്സിയെയും പെപ് പരിശീലിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ മൂന്ന് ലാലിഗ, രണ്ട് കോപ്പ ഡെൽ റേ, രണ്ട് സ്പാനിഷ് സൂപ്പർ കപ്പ്, രണ്ട് ചാമ്പ്യൻസ് ലീഗ്, രണ്ട് യൂറോപ്യൻ സൂപ്പർ കപ്പ്, രണ്ട് ക്ലബ് വേൾഡ് കപ്പ് എന്നിവ ബാഴ്സക്ക്‌ നേടികൊടുത്തിട്ടുണ്ട്. അതേസമയം സിറ്റിക്ക് വേണ്ടി രണ്ട് പ്രീമിയർ ലീഗ്, രണ്ട് എഫ്എ കപ്പ്, മൂന്ന് ലീഗ് കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ നേടികൊടുക്കാൻ പെപിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *