കൊറോണ: ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചു
കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് ഈ വർഷം നടക്കേണ്ട ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെച്ചു. അടുത്ത വർഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ എബേ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഒളിമ്പിക്സ് കമ്മറ്റി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഔദ്യോഗികസ്ഥിരീകരണം ഉടനെ വരുമെന്നാണ് അറിയാൻ കഴിയുന്നത്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റി ചെയർമാൻ തോമസ് ബാച്ചേയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഒളിമ്പിക്സ് നീട്ടിവെക്കാൻ തീരുമാനമായത്.
ജപ്പാൻ പ്രധാനമന്ത്രി ഓഫീസിന്റെ ഔദ്യോഗികട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത സമ്മറിൽ നടത്തുമെന്നാണ് അറിയിച്ചത്. തുടക്കത്തിൽ ഒളിമ്പിക്സ് മാറ്റിവെക്കാൻ കഴിയില്ലെന്ന് ജപ്പാൻ അറിയിച്ചിരുന്നു. എന്നാൽ കോവിഡ് 19 കൂടുതൽ ഗുരുതരമാവുകയും ചില രാജ്യങ്ങൾ ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാറ്റിവെക്കാൻ ജപ്പാനും ഒളിമ്പിക്സ് കമ്മറ്റിയും നിർബന്ധിതരായത്. ഭീമമായ സാമ്പത്തിക നഷ്ടം ജപ്പാന് വരുമെന്നാണ് കണക്കുകൂട്ടുന്നത്.