സാമ്പത്തികപ്രതിസന്ധി റയൽ മാഡ്രിഡിനെയും പിടിച്ചു കുലുക്കുന്നു, പിന്തുടരുന്നത് ബാഴ്സയുടെ വഴി !

ലോകത്തിന്റെ സാമ്പത്തികസ്ഥിതിയെ തന്നെ താറുമാറാക്കിയ ഒന്നാണ് പ്രതിസന്ധി. ഫുട്ബോൾ ലോകത്തെയും ഇത് വലിയ തോതിൽ ബാധിച്ചു. ഏറ്റവും കൂടുതൽ സാമ്പത്തികപ്രതിസന്ധി അനുഭവപ്പെട്ട ക്ലബുകളിൽ ഒന്നാ ണ് എഫ്സി ബാഴ്സലോണ. മില്യണുകളുടെ നഷ്ടം വന്ന നിലവിൽ അത് നികത്താൻ വേണ്ടി താരങ്ങളുടെ വേതനം കുറക്കാനുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ താരങ്ങൾ ഇതിന് സമ്മതിക്കാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഇപ്പോഴിതാ ബാഴ്സയുടെ വഴിയേയാണ് റയൽ മാഡ്രിഡും സഞ്ചരിക്കുക എന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ ഇഎസ്പിഎന്നാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. സാമ്പത്തികപ്രതിസന്ധി റയൽ മാഡ്രിഡിനെയും പിടിച്ചുലച്ചിട്ടുണ്ട്. അതിനാൽ തന്നെ അടുത്ത വർഷം മുതൽ താരങ്ങളുടെ സാലറി കുറക്കാൻ നിലവിൽ റയൽ ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഇതുമായി ബന്ധപ്പെട്ട് റയൽ അധികൃതർ താരങ്ങളെ സമീപിച്ചേക്കുമെന്നാണ് ഇഎസ്പിഎൻ പറയുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റയൽ മാഡ്രിഡ്‌ താരങ്ങൾ സാലറി കട്ട്‌ അനുവദിച്ചിരുന്നു. പത്ത് മുതൽ പതിനഞ്ച് ശതമാനം വരെയാണ് റയൽ താരങ്ങളിൽ നിന്നും സ്റ്റാഫിൽ നിന്നും പരിശീലകരിൽ നിന്നും കട്ട്‌ ചെയ്തിരുന്നത്. കൂടാതെ ലാലിഗ കിരീടം നേടിയാൽ ലഭിക്കാനുള്ള ബോണസും താരങ്ങൾ ഒഴിവാക്കി കൊടുത്തിരുന്നു. മാത്രമല്ല ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഒരു താരത്തെ പോലും റയൽ മാഡ്രിഡ്‌ സൈൻ ചെയ്തിരുന്നുമില്ല. ഇങ്ങനെ സാമ്പത്തികപരമായ പ്രശ്നങ്ങൾ തീർക്കാൻ റയൽ മാഡ്രിഡ്‌ പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ നിലവിൽ ഹോം മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുകയാണ്. വൻതുക ചിലവഴിച്ചാണ് ഇത് നടക്കുന്നത്. അതിനാൽ തന്നെ സാരമായ രീതിയിൽ സാമ്പത്തികപ്രശ്നങ്ങൾ റയലിനെയും ബാധിച്ചിട്ടുണ്ട്. എന്നാൽ സാലറി കട്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *