സൂപ്പർ താരങ്ങൾക്ക്‌ പകരം യുവതാരങ്ങളിറങ്ങും, വെനിസ്വേലക്കെതിരെയുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ടിറ്റെയുടെ ബ്രസീൽ. കഴിഞ്ഞ മാസം നടന്ന രണ്ട് മത്സരങ്ങളിലും ഉജ്ജ്വലവിജയം നേടാൻ കഴിഞ്ഞത് ബ്രസീലിന് വലിയ തോതിലുള്ള ആത്മവിശ്വാസമാണ് പകരുന്നത്. ഇനി വെനിസ്വേല, ഉറുഗ്വ എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിലാണ് ബ്രസീൽ ബൂട്ടണിയുക. മാത്രമല്ല ഫിലിപ്പെ കൂട്ടീഞ്ഞോ, കാസമിറോ, എഡർ മിലിറ്റാവോ തുടങ്ങിയ സൂപ്പർ താരങ്ങൾ എല്ലാം തന്നെ വിവിധ കാരണങ്ങളാൽ ടീമിന് പുറത്താണ്. അത്കൊണ്ട് തന്നെ യുവതാരങ്ങൾ നിറഞ്ഞ ഒരു നിരയെയായിരിക്കും ടിറ്റെ വെനിസ്വേലക്കെതിരെ കളത്തിലേക്കിറക്കി വിടുക.മത്സരത്തിനുള്ള സാധ്യത ഇലവൻ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ പുറത്തു വിട്ടിട്ടുണ്ട്. അത് പ്രകാരം ബ്രസീലിന്റെ ഗോൾവല കാക്കുക ആലിസൺ ബക്കറായിരിക്കും. പരിക്കിൽ നിന്നും മുക്തനായ താരത്തെ ടിറ്റെ തിരിച്ചു വിളിച്ചിരുന്നു.

4-2-3-1 എന്ന ശൈലിയായിരിക്കും ടിറ്റെ ഉപയോഗിക്കുക. പ്രതിരോധനിരയിൽ മാറ്റങ്ങൾ നടപ്പിലാക്കാൻ ടിറ്റെ ഉദ്ദേശിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഫുൾ ബാക്കുമാരായി ഡാനിലോയും റെനാൻ ലോദിയും അണിനിരക്കും. സെന്റർ ബാക്കുമാരായി തിയാഗോ സിൽവയും മാർക്കിഞ്ഞോസും തന്നെയാണ് ബൂട്ടണിയുക. അതേസമയം മധ്യനിരയിൽ കാസമിറോയുടെ സ്ഥാനത്ത് അലനാണ് ഇടം പിടിക്കുക. കൂടാതെ താരത്തിനൊപ്പം കഴിഞ്ഞ മത്സരങ്ങളിൽ മിന്നും പ്രകടനം പുറത്തെടുത്ത ഡഗ്ലസ് ലൂയിസ് അണിനിരന്നേക്കും. അറ്റാക്കിങ് നിരയിൽ ഏറ്റവും മുന്നിൽ റോബെർട്ടോ ഫിർമിഞ്ഞോയെയാണ് ടിറ്റെ ഉപയോഗിക്കുക. ഗോളടിചുമതല താരത്തെ ഏൽപ്പിക്കാനാണ് ടിറ്റെ പദ്ധതി. പിറകിൽ മൂന്നു പേരിൽ മധ്യത്തിൽ എവെർട്ടൺ റിബെയ്റോയാണ് സ്ഥാനം പിടിക്കുക. ഇടതു ഭാഗത്ത് റിച്ചാർലീസണും വലതു ഭാഗത്ത് ഗബ്രിയേൽ ജീസസുമാണ് അണിനിരക്കുക. സൂപ്പർ താരങ്ങളായ നെയ്മർ, കൂട്ടീഞ്ഞോ എന്നിവരുടെ അഭാവം നികത്തുക എന്നതാണ് ഈ മൂന്ന് പേരെ കാത്തിരിക്കുന്ന വെല്ലുവിളി. ഏതായാലും ഈ സൂപ്പർ താരങ്ങളുടെയെല്ലാം അഭാവത്തിലും വെനിസ്വേലയെ കീഴടക്കാമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ടീം.

Leave a Reply

Your email address will not be published. Required fields are marked *