സിറ്റി-ലിവർപൂൾ പോരാട്ടത്തിന് ആവേശസമനില, ആഴ്‌സണലിനെ നാണംകെടുത്തി ആസ്റ്റൺ വില്ല !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന വമ്പൻ പോരാട്ടത്തിന് ആവേശസമനില. ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി മത്സരമാണ് 1-1 എന്ന സ്കോറിന് സമനിലയിൽ കലാശിച്ചത്. ആദ്യ പകുതിയിൽ നേടിയ ഗോളുകളുടെ ബലത്തിലാണ് ഇരുടീമുകളും സമനില നേടിയെടുത്തത്. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ ലിവർപൂളാണ് ലീഡ് നേടിയത്. മാനെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി സലാ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാൽ ഈ ഗോളിന് ഗബ്രിയേൽ ജീസസ് മറുപടി നൽകി. 31-ആം മിനിറ്റിൽ ഡിബ്രൂയിന്റെ പാസ് സ്വീകരിച്ച താരം ആലിസണെ കീഴടക്കുകയായിരുന്നു. തുടർന്ന് 42-ആം മിനുട്ടിൽ തന്നെ സിറ്റിക്ക് ലീഡ് ഉയർത്താനുള്ള സുവർണാവസരം ലഭിച്ചു. എന്നാൽ ലഭിച്ച പെനാൽറ്റി ഡിബ്രൂയിൻ പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു. പിന്നീട് ഇരുടീമുകൾക്കും ഗോളുകൾ ഒന്നും നേടാനാവാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിച്ചു. നിലവിൽ പോയിന്റ് ടേബിളിൽ പതിനേഴ് പോയിന്റോടെ ലിവർപൂൾ മൂന്നാം സ്ഥാനത്താണ്. സിറ്റിയാവട്ടെ പന്ത്രണ്ട് പോയിന്റോടെ പത്താം സ്ഥാനത്തുമാണ്.

അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ആഴ്സണൽ ആസ്റ്റൺ വില്ലക്ക് മുന്നിൽ തകർന്നടിഞ്ഞു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗണ്ണേഴ്‌സ്‌ വില്ലയോട് തോൽവി രുചിച്ചത്. ഒല്ലി വാറ്റ്കിൻസിന്റെ ഇരട്ടഗോളുകളാണ് വില്ലക്ക്‌ തകർപ്പൻ ജയം നേടികൊടുത്തത്. മത്സരത്തിന്റെ 25-ആം മിനിറ്റിൽ ആഴ്സണൽ താരം ബുകയോ സാക സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. തുടർന്ന് 72-ആം മിനുട്ടിലും 75-ആം മിനുട്ടിലും ഒല്ലി ലക്ഷ്യം കണ്ടതോടെ ആഴ്സണലിന്റെ പതനം പൂർണ്ണമായി. ജയത്തോടെ വില്ല പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. പതിനഞ്ച് പോയിന്റാണ് വില്ലയുടെ സമ്പാദ്യം. അതേസമയം പന്ത്രണ്ട് പോയിന്റുള്ള ആഴ്സണൽ പതിനൊന്നാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *