മെസ്സി മഹത്തായ വ്യക്തി, അദ്ദേഹമെന്നെ ഒരുപാട് സഹായിച്ചു :പെഡ്രി !

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണയിലേക്ക് കൂടുമാറിയ യുവതാരമാണ് പെഡ്രി. ലാസ്പാൽമസിൽ നിന്നും ബാഴ്‌സയിലേക്കുള്ള വരവ് അധികമാരും ശ്രദ്ധിച്ചിട്ടില്ലായിരുന്നുവെങ്കിലും താരത്തിന്റെ പ്രകടനത്തോടെയാണ് ഈ യുവതാരത്തെ ആരാധകർ ശ്രദ്ദിച്ചു തുടങ്ങിയത്. ബാഴ്സ സീനിയർ ടീമിൽ തന്നെ ഇടം നൽകിയ കൂമാൻ താരത്തിന് കളിക്കാൻ അവസരം നൽകുകയും ചെയ്തു. ഒടുവിൽ ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വെറോസിനെതിരെ താരം ഗോൾ കണ്ടെത്തി. തുടർന്ന് യുവന്റസിനെതിരെയുള്ള മത്സരത്തിലും ഉജ്ജ്വലപ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. പതിനേഴുകാരനായ താരം സ്പാനിഷ് മാധ്യമങ്ങളുടെയൊക്കെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ താരം സൂപ്പർ താരം ലയണൽ മെസ്സിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. മെസ്സിയൊരു മഹത്തായ വ്യക്തിയാണെന്നും അദ്ദേഹം തന്നെ ഒരുപാട് സഹായിച്ചുവെന്നുമാണ് പെഡ്രി വെളിപ്പെടുത്തിയത്. ഡ്രസിങ് റൂമിൽ മെസ്സിയുമായുള്ള ബന്ധത്തെ കുറിച്ചും തന്റെ പ്രകടനത്തെ കുറിച്ചും മനസ്സ് തുറക്കാനും പെഡ്രി മറന്നില്ല.

” എനിക്ക് എത്ര മിനുട്ടുകൾ കളിക്കാൻ അവസരം ലഭിക്കുമെന്ന കാര്യത്തെ കുറിച്ച് എനിക്കറിയില്ല. പക്ഷെ ഞാൻ എന്റെ അധ്വാനം തുടർന്നാൽ എനിക്ക് സാധ്യമായ അത്രയും മിനുട്ടുകൾ ഇവിടെ കളിക്കാനാവുമെന്ന് എനിക്കറിയാം. എന്റെ ഫാമിലിയും സുഹൃത്തുകളും സഹതാരങ്ങളും എന്നോട് ആവിശ്യപ്പെടാറുള്ളത് ഒരു കാര്യമാണ്. പരിശീലനം തുടരാനും അത് വഴി മെച്ചപ്പെടാനുമാണ് അവർ എല്ലാവരും എന്നോട് പറയാറുള്ളത്. മെസ്സി ഒരു മഹത്തായ വ്യക്തിയാണ്. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞങ്ങൾ സാധ്യമായ അത്രയും അദ്ദേഹത്തെ ആസ്വദിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അദ്ദേഹം ഭാവിയെ കുറിച്ച് എന്ത് തന്നെ തീരുമാനിച്ചാലും ഞങ്ങൾ അതിനെ ബഹുമാനിക്കും. ഞങ്ങൾ ഡ്രസിങ് റൂമിൽ വെച്ച് സാധാരണ കാര്യങ്ങൾ ഒക്കെ സംസാരിക്കാറുണ്ട്. അല്ലാത്തത് ഒന്നും തന്നെയില്ല. മാത്രമല്ല, ഞങ്ങൾ എല്ലാവരും തമാശകൾ പങ്കുവെക്കാറുമുണ്ട് ” പെഡ്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *