നൂറിന്റെ നിറവിൽ റാമോസ്, ഇടം കണ്ടെത്തിയത് ചരിത്രതാളുകളിൽ !

ഇന്നലെ ഇന്റർമിലാനെതിരെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ്‌ 3-2 എന്ന സ്കോറിന് വിജയം കൊയ്തിരുന്നു. മത്സരത്തിൽ റയൽ മാഡ്രിഡിന്റെ രണ്ടാം ഗോൾ പിറന്നത് സെർജിയോ റാമോസിന്റെ തലയിൽ നിന്നായിരുന്നു. ഒരു മികവുറ്റ ഹെഡറിലൂടെയാണ് റാമോസ് ഇന്റർവലകുലുക്കിയത്. ഇപ്പോഴിതാ റാമോസ് മറ്റൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്. റയൽ മാഡ്രിഡിന് വേണ്ടി നൂറ് ഗോളുകൾ പൂർത്തിയാക്കാൻ ഈ ഡിഫൻഡർക്ക് കഴിഞ്ഞിരിക്കുകയാണിപ്പോൾ. മുപ്പത്തിനാലുകാരനായ താരം 659 മത്സരങ്ങളിൽ നിന്നാണ് നൂറ് ഗോളുകൾ റയൽ മാഡ്രിഡിന് വേണ്ടി പൂർത്തിയാക്കിയത്. ശരാശരി എടുത്തു പരിശോധിച്ചാൽ ഓരോ ആറു മത്സരത്തിലും ഓരോ ഗോൾ എന്ന വീതം വരും. ഒരു സെന്റർ ബാക്ക് ആണ് ഈ ഗോളിന്റെ ഉടമസ്ഥൻ എന്നുള്ളതാണ് അതിശയിപ്പിക്കുന്ന കാര്യം.

റയൽ മാഡ്രിഡിന് വേണ്ടി റാമോസ് നേടിയ നൂറ് ഗോളുകളിൽ 55 എണ്ണവും ഹെഡറിലൂടെയാണ് എന്ന കാര്യവും ഇതിനോടൊപ്പം ചേർത്ത് വായിക്കാം.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ128 തവണയാണ് റാമോസ് വലചലിപ്പിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പ്രതിരോധനിരക്കാരുടെ പട്ടികയിൽ റാമോസിന് ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള റൊണാൾഡ് കൂമാൻ ബഹുദൂരം മുന്നിലാണ്. 253 ഗോളുകളാണ് കൂമാൻ ബാഴ്സ, പിഎസ്‌വി, ഹോളണ്ട് എന്നിവർക്ക് വേണ്ടി അടിച്ചു കൂട്ടിയിട്ടുള്ളത്. ഇദ്ദേഹത്തിന് പിറകിൽ അർജന്റൈൻ താരം ഡാനിയൽ പസറല്ല, ഫെർണാണ്ടോ ഹിയറോ, ലോറന്റ് ബ്ലാങ്ക്, ഗ്രഹാം അലക്സാണ്ടർ എന്നിവരാണ് ഉള്ളത്. നിലവിൽ ഇവർക്ക് പിറകിൽ ആറാം സ്ഥാനത്താണ് റാമോസ്. ഇനി മൂന്നു ഗോളുകൾ കൂടി നേടിക്കഴിഞ്ഞാൽ ഗ്രഹാമിനെ പിന്തള്ളി കൊണ്ട് അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ റാമോസിന് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *