കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഫാറ്റി ശ്രമിക്കണമെന്ന് കൂമാൻ !

ഈ സീസണിലെ ബാഴ്‌സയുടെ ടോപ് സ്കോററാണ് യുവപ്രതിഭ അൻസു ഫാറ്റി. പതിനെട്ടുകാരനായ താരം അഞ്ച് ഗോളുകൾ ഇതിനോടകം തന്നെ നേടികഴിഞ്ഞു. റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിലും ബാഴ്‌സയുടെ ആശ്വാസഗോൾ കണ്ടെത്തിയത് അൻസു ഫാറ്റിയായിരുന്നു. ഈ സീസണിൽ മികച്ച പ്രകടനം തന്നെയാണ് ഈ യുവതാരം കാഴ്ച്ചവെക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ താരം ഇനിയും പുരോഗതി കൈവരിക്കണമെന്ന ഉപദേശം നൽയിരിക്കുകയാണ് ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ. താരത്തിന്റെ ശ്രദ്ധയുടെ കാര്യത്തിലാണ് താരം പുരോഗതി കൈവരിക്കേണ്ടത് എന്നാണ് കൂമാന്റെ അഭിപ്രായം. ഇക്കാര്യം ഫാറ്റിയോട് സംസാരിച്ചിട്ടുണ്ടെന്നും കൂമാൻ അറിയിച്ചു. ഇന്ന് അലാവസിനെതിരെ നടക്കുന്ന മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ ഫാറ്റിക്ക് കഴിയുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം ബെഞ്ചിലായിരുന്നു.

” എനിക്ക് അദ്ദേഹത്തിന് നൽകാനുള്ള ഉപദേശം എന്തെന്നാൽ വർക്ക്‌ ചെയ്യുവാനും അത് വഴി പുരോഗതി കൈവരിക്കാനുമാണ്.ഇന്നലെ ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ ശ്രദ്ധക്കുറവ് മൂലമാണ് അദ്ദേഹത്തിൽ നിന്നും പന്തുകൾ നഷ്ടപ്പെടുന്നത്. അല്ലാതെ ക്വാളിറ്റിയുടെ കുറവ് കൊണ്ടല്ല. ഫാറ്റി നല്ലൊരു പ്രതിഭയാണ്. മികച്ച താരമാണ്. പൊട്ടൻഷ്യലുള്ള താരമാണ്. അദ്ദേഹത്തെ ഇമ്പ്രൂവ് ചെയ്യിക്കാൻ നമ്മൾ സഹായിക്കേണ്ടതുണ്ട്. അദ്ദേഹം ഇമ്പ്രൂവ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരേണ്ടതുമുണ്ട് ” കൂമാൻ പറഞ്ഞു. അതേസമയം ബർതോമ്യു രാജിവെച്ചത് തന്നെ ബാധിക്കില്ലെന്നും കൂമാൻ അറിയിച്ചിട്ടുണ്ട്. അതൊന്നും തന്റെ കയ്യിലല്ലെന്നും താൻ ശ്രമിക്കുന്നത് കിരീടങ്ങൾ നേടാനാണ് എന്നുമാണ് കൂമാൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *