ബാഴ്സയിലേക്ക് തിരികെ എത്തുമോ? പെപ് ഗ്വാർഡിയോളക്ക് പറയാനുള്ളത് ഇങ്ങനെ !

കഴിഞ്ഞ ദിവസമായിരുന്നു ബാഴ്സയുടെ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായ വിക്ടർ ഫോണ്ട് പെപ് ഗ്വാർഡിയോളയെ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചത്. അദ്ദേഹത്തെ ബാഴ്‌സയിലേക്ക് കൊണ്ടു വരാനും ആ പഴയ ശൈലി വീണ്ടെടുക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ ഇനിയേസ്റ്റ, സാവി, പുയോൾ എന്നിവരെയൊക്കെ തന്നെയും സ്റ്റാഫിൽ ഉൾപ്പെടുത്താൻ ആഗ്രഹമുണ്ടെന്നും ഇദ്ദേഹം അറിയിച്ചിരുന്നു.എന്നാൽ ഈ വിഷയത്തോട് പ്രതികരിച്ചിരിക്കുകയാണ് ഗ്വാർഡിയോള. താൻ മാഞ്ചസ്റ്റർ സിറ്റിയിൽ സന്തോഷവാനാണ് എന്നാണ് ഗ്വാർഡിയോള ഇക്കാര്യത്തോട് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഈ വിഷയത്തിൽ ഗ്വാർഡിയോള മനസ്സ് തുറന്നത്. നിലവിൽ ബാഴ്സയുടെ പ്രസിഡന്റ്‌ ആവാൻ സാധ്യതയുള്ള ഒരാളാണ് വിക്ടർ ഫോണ്ട്. എന്നാൽ ഗ്വാർഡിയോളക്കാവട്ടെ ഈ സീസണിൽ കൂടി മാത്രമേ സിറ്റിയുമായി കരാറൊള്ളൂ. ഇത് ഇതുവരെ പുതുക്കിയിട്ടുമില്ല.

” ഞാൻ വളരെയധികം സന്തോഷത്തോടെയാണ് ഇവിടെ കഴിയുന്നത്. ഇവിടെ മാഞ്ചസ്റ്ററിൽ ഉള്ളതിൽ എനിക്ക് ആനന്ദമേയൊള്ളൂ. ഈ സീസണിൽ മികച്ച രീതിയിൽ കാര്യങ്ങളെ കൈകാര്യം ചെയ്യാനും മുന്നോട്ട് പോവാനും സാധിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു ” ഇതാണ് ഗ്വാർഡിയോള ബാഴ്സയുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നൽകിയത്. സിറ്റിയോടൊപ്പമുള്ള ഗ്വാർഡിയോളയുടെ അഞ്ചാമത്തെ വർഷമാണിത്. മുമ്പ് ബാഴ്സയിലും ബയേണിലും ഇദ്ദേഹം ഇത്രത്തോളം തുടർന്നിട്ടില്ല. പക്ഷെ ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം സിറ്റിക്ക് നേടികൊടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. പക്ഷെ ഗ്വാർഡിയോള സിറ്റിയിൽ തുടരാൻ തന്നെയാണ് സാധ്യതകൾ കാണുന്നത്. മുമ്പ് സിറ്റിയുമായി കരാർ പുതുക്കുമെന്ന് പെപ് പറഞ്ഞിരുന്നു. ഇനി ഫോണ്ട് പ്രസിഡന്റായാൽ അദ്ദേഹം ഗ്വാർഡിയോളയെ തിരികെയെത്തിക്കാൻ കഴിവതും ശ്രമിക്കുമെന്നാണ് ബാഴ്സ ആരാധകർക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *