യൂറോപ്പിൽ ഗോളടിച്ചു കൂട്ടുന്ന ഇരുവർ സംഘങ്ങൾ

പല ടീമുകളുടെയും മുന്നേറ്റനിരയിൽ ഉള്ള ദ്വയങ്ങൾ വളരെ അപകടം പിടിച്ചവരായിരിക്കും. പരസ്പരം ഒത്തിണക്കത്തോടെ കളിക്കുന്ന രണ്ട് താരങ്ങൾ മുന്നേറ്റനിരയിൽ ഉണ്ടെങ്കിൽ എതിർടീമിലെ പ്രതിരോധനിരക്ക് പിടിപ്പത് പണിയാകും. ഫുട്ബോൾ ചരിത്രത്തിൽ ഒട്ടേറെ ദ്വയങ്ങൾ ആരാധകശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ആൽഫ്രഡോ ഡി സ്‌റ്റെഫാനോ-ഫ്രങ്ക് പുഷ്കാസ്, സ്റ്റോയിക്കോവ്-റൊമാരിയോ, ഡെൽ പിയറോ-ട്രെസ്‌ഗെറ്റ്, ഹെൻറി-ബ്രെകാംപ്, റൂണി-റൊണാൾഡോ തുടങ്ങിയ ഇരുവർ സംഘങ്ങൾ എല്ലാം തന്നെ ഏറെ കയ്യടി നേടിയവരാണ്. ഈ സീസണിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഇക്കുറിയുമുണ്ട് ഗോൾവേട്ട നടത്തുന്ന ഇരുവർ സംഘങ്ങൾ. അതിൽ മുന്നിൽ നിൽക്കുന്ന ആറ് സംഘങ്ങൾ ഇവരൊക്കെയാണ്.

ഒന്നാമത് നിൽക്കുന്നത് ബയേൺ മ്യൂണിക്കിന്റെ ഗ്നാബ്രി-ലെവെന്റോവ്സ്‌കി സംഘമാണ്. ഇരുവരും ചേർന്ന് 36 ഗോളുകളാണ് ഇത് വരെ അടിച്ചുകൂട്ടിയത്. ലെവെന്റോവ്സ്‌കി 25 ഗോളുകൾ നേടിയപ്പോൾ ഗ്നാബ്രി 11 ഗോളുകൾ കണ്ടെത്തി. രണ്ടാമതായി ഉള്ളത് ലാസിയോയുടെ ഇമ്മോബിലെ- കായ്സെഡോ സഖ്യമാണ്. ഇരുവരും ചേർന്ന് 35 ഗോളുകൾ നേടി. ഇതിൽ 27 എണ്ണവും ഇമ്മൊബിലെ നേടിയപ്പോൾ കായ്സെഡോ നേടിയത് എട്ടെണ്ണമായിരുന്നു. മൂന്നാമത് നിൽക്കുന്നത് പിഎസ്ജിയുടെ എംബപ്പേ-നെയ്മർ ദ്വയമാണ്. ഇരുവരും ചേർന്ന് 31 ലീഗ് ഗോളുകൾ ഇത് വരെ നേടി. ഇതിൽ 18 എണ്ണം എംബപ്പേ നേടിയപ്പോൾ ബാക്കിയുള്ള 13 എണ്ണം നെയ്മർ സ്വന്തം പേരിലാക്കുകയായിരുന്നു.

ഇതിൽ നാലാമതായി എത്തിനിൽക്കുന്നത് ബാഴ്സയുടെ മെസ്സി-സുവാരസ് സഖ്യമാണ്. ഇരുവരും ചേർന്ന് മുപ്പത് ഗോളുകൾ നേടിയിട്ടുണ്ട്. 19 ഗോളുകൾ മെസ്സി നേടിയപ്പോൾ 11 ഗോളുകൾ സുവാരസ് കണ്ടെത്തുകയായിരുന്നു. അഞ്ചാമതുള്ളത് ലിവർപൂളിന്റെ സലാഹ്-മാനേ സഖ്യമാണ്. ഇവരും 30 ഗോളുകൾ തന്നെയാണ് പ്രീമിയർ ലീഗിൽ അടിച്ചു കൂട്ടിയിട്ടുള്ളത്. ഇതിൽ 16 ഗോളുകൾ സലാഹ് നേടിയപ്പോൾ 14 എണ്ണം നേടി മാനെയും തൊട്ടുപിറകിലുണ്ട്. ഈ ലിസ്റ്റിൽ ആറാം സ്ഥാനത്തുള്ളത് ആർബി ലെയ്പ്സിഗിന്റെ വെർണർ-സാബിറ്റ്സർ സംഘമാണ്. ഇരുവരും ചേർന്ന് ഇത് വരെ 29 ഗോളുകൾ നേടിക്കഴിഞ്ഞു. ഇതിൽ 21 ഗോളുകൾ നേടിയത് വെർണർ ആണെങ്കിൽ ബാക്കി എട്ട് ഗോളുകൾ സാബിറ്റ്സറുടെ സംഭാവനയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *