ബെയ്ലിനെ വേണ്ട, ഇമേജുകൾ മായ്ച്ച് കളഞ്ഞ് റയൽ മാഡ്രിഡ്

കരാർ വ്യവസ്ഥ പ്രകാരം ഗാരത് ബെയ്ൽ ഇപ്പോഴും റയൽ മാഡ്രിഡിൻ്റെ കളിക്കാരനാണ്. എന്നാൽ തങ്ങളുമായി ശീത സമരത്തിലേർപ്പെട്ടിരിക്കുന്ന തരത്തിൻ്റെ ഇമേജുകൾ പൂർണ്ണമായും മായ്ച്ചുകളയുകയാണിപ്പോൾ റയൽ മാഡ്രിഡ്‌. ക്ലബ്ബിൻ്റെ ഒഫീഷ്യൽ സ്റ്റോറുകളിൽ അദ്ദേഹത്തിൻ്റെ ജഴ്സി ഡിസ്പ്ലേ ചെയ്യുന്നത് ഒഴിവാക്കി, ബെയ്ൽ ട്രൈൻ ചെയ്യുന്ന ഫോട്ടോകൾ ക്ലബ്ബിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കി, കഴിഞ്ഞ ആഴ്ച ക്ലബ്ബിൻ്റെ മൂന്നാം കിറ്റിൻ്റെ പ്രമോഷന് വേണ്ടി ഇറക്കിയ ചിത്രങ്ങളിൽ നിന്നും താരത്തെ ഒഴിവാക്കി! ഇങ്ങനെ പൂർണ്ണമായും വെൽഷ് താരത്തെ തങ്ങളുടെ പദ്ധതിയിൽ നിന്നും ഒഴിവാക്കുകയാണിപ്പോൾ റയൽ മാഡ്രിഡ്.

ഒഴിവാക്കലിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ:

റയൽ മാഡ്രിഡിൻ്റെ ഒഫീഷ്യൽ സ്റ്റോറുകളിൽ നിന്നും ഇപ്പോഴും നമ്പർ 11 ഉള്ള ബെയ്ലിൻ്റെ ജഴ്സി വാങ്ങാം. പക്ഷേ അവ മറ്റു താരങ്ങളുടെ ജഴ്സി പോലെ ഡിസ്പ്ലേക്ക് വെക്കില്ല. കാലിന് പരിക്കേറ്റിരിക്കുന്ന ഗാരത് ബെയ്ൽ ഇപ്പോൾ മറ്റ് ടീം അംഗങ്ങൾക്കൊപ്പം പരിശീലിക്കുന്നില്ലെങ്കിലും ജിം വർക്കുകൾ ചെയ്യുന്നുണ്ട്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന എദൻ ഹസാർഡിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കുന്ന റയൽ മാഡ്രിഡ് പക്ഷേ ബെയ്ലിൻ്റെ ചിത്രങ്ങൾ ഒഴിവാക്കുകയാണ്. അഡിഡാസ് രൂപകൽപന ചെയ്ത ക്ലബിൻ്റെ മൂന്നാം കിറ്റിൻ്റെ പ്രചരണാർത്ഥം പുറത്തിറക്കിയ ചിത്രങ്ങളിലും ബെയ്ൽ ഇല്ല! അതേ സമയം ബെൻസീമയും മാഴ്സലോയും നൈക്കി താരങ്ങളായ റാമോസും അസെൻസിയോയും എല്ലാം ഇടം പിടിച്ചിട്ടുമുണ്ട്‌. കാര്യം വ്യക്തമാണ്, തങ്ങളുടെ ഐക്കണുകളുടെ കൂട്ടത്തിൽ നിന്നും റയൽ ബെയ്ലിനെ ഒഴിവാക്കുകയാണ്.

നിലവിലെ അവസ്ഥ

സാങ്കേതികമായി ബെയ്ൽ ഇപ്പോഴും റയലിൻ്റെ താരമാണ്. യുവേഫ നേഷൻസ് ലീഗിൽ വെയ്ൽസിന് വേണ്ടി കളിച്ച താരം ആ മത്സരങ്ങൾ കഴിഞ്ഞ് 4 ദിവസങ്ങൾക്ക് ശേഷം മാഡ്രിഡിൽ എത്തിയിട്ടുണ്ട്. എന്നാൽ കണങ്കാലിന് പരിക്കേറ്റതിനാൽ അദ്ദേഹം മറ്റ് ടീം അംഗങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നില്ല. ബെയ്ൽ സ്പാനിഷ് ഡാറ്റ പ്രൊട്ടെക്ഷൻ ലോയുടെ പരിരക്ഷ ഉപയോഗിച്ചതിനാൽ താരത്തിൻ്റെ മെഡിക്കൽ റിപ്പോർട്ട് ലഭ്യവുമല്ല. ഇക്കാര്യത്തിൽ സ്പാനിഷ് ഫുട്ബോളിൽ തന്നെ അത്യപൂർവ്വമായ നടപടിയാണ് ബെയ്ലിൽ നിന്നും ഉണ്ടായിരിക്കുന്നത്.

നിലവിൽ റയലും ബെയ്ലും തമ്മിൽ രണ്ട് വർഷത്തെ കോൺട്രാക്ട് കൂടി ബാക്കിയുണ്ട്. ക്ലബ്ബ് വിടണമെങ്കിൽ ആ രണ്ട് വർഷത്തെയും വേതനമാണ് ബെയ്ലിൻ്റെ ഡിമാൻ്റ്! ഇതിന് റയൽ മാഡ്രിഡ് വഴങ്ങുന്നുമില്ല! താരത്തിൻ്റെ ഉയർന്ന വേതനം കാരണം ട്രാൻസ്ഫർ മാർക്കറ്റിൽ അധികം സ്യൂട്ടബിൾ ബയേഴ്‌സുമില്ല. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തിൽ താത്പര്യമുണ്ട് എന്നതാണ് പുതിയ വാർത്ത. ബെയ്ലിൻ്റെ ഉയർന്ന പ്രതിഫലം നൽകാൻ കെൽപുള്ള അപൂർവ്വം ക്ലബ്ബുകളിൽ ഒന്നാണ് യുണൈറ്റഡ്. അങ്ങനെയെങ്കിൽ ആ ട്രാൻസ്ഫറെങ്കിലും നടന്ന് കാണണം എന്നാണ് ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുന്നത്. കാരണം ബെയ്ലിനെപ്പോലൊരു ലോകോത്തര പ്രതിഭ ബെഞ്ചിലിരുന്ന് കരിയർ തുലക്കുന്നത് സങ്കടകരമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *