ബാലൊൻ ഡി’ഓർ ലിസ്റ്റ് ഇന്ന് പുറത്ത് വിടും
ഇത്തവണത്തെ ബാലൊൻ ഡി’ഓർ പുരസ്ക്കാരത്തിനുള്ള നോമിനേഷൻ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ ഇന്ന് പുറത്ത് വിടും. ഫ്രാൻസിലെ ലോക്കൽ ടൈം വൈകിട്ട് 5 മണിക്കാണ് ഈ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്, അതായത് ഇന്ത്യൻ സമയം രാത്രി 8.30ന്. ഈ വർഷത്തെ ബാലൊൻ ഡി’ഓർ പുരസ്ക്കാരം നവംബർ 29ന് പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഫ്രാൻസ് ഫുട്ബോൾ നേരത്തെ അറിയിച്ചിരുന്നു.
പുരുഷന്മാരുടെ ബാലൊൻ ഡി’ഓറിനായി 30 പേരുടെ നോമിനേഷൻ ലിസ്റ്റാവും ഇന്ന് പുറത്ത് വിടുക. 180 ജേണലിസ്റ്റുകളടങ്ങിയ ജൂറിയാണ് ഈ ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ ജൂറി തന്നെയാണ് യാഷിൻ ട്രോഫിക്കായുള്ള 10 പേരുടെ നോമിനേഷൻ ലിസ്റ്റും തയ്യാറാക്കുന്നത്. വനിതകളുടെ ബാലൊൻ ഡി’ഓറിനായി വനിതാ ഫുട്ബോളിൽ സ്പെഷ്യലൈസ് ചെയ്ത 50 ജേണലിസ്റ്റുകളുടെ ജൂറി തയ്യാറാക്കുന്ന 20 പേരുടെ നോമിനേഷൻ ലിസ്റ്റ് പുറത്ത് വിടും. കൊപ ട്രോഫിക്കായുള്ള 10 പേരെ നോമിനേറ്റ് ചെയ്യുന്നത് നേരത്തെ ബാലൊൻ ഡി’ഓർ ജേതാക്കളായ 32 പേർ ചേർന്നാണ്.