കൂട്ടത്തല്ല്, എട്ട് റെഡ് കാർഡുകൾ, നാണക്കേടായി ബ്രസീലിയൻ ഫുട്ബോൾ

ഗോളുകൾ പിറക്കാത്ത മത്സരം, എന്നാൽ എട്ട് റെഡ് കാർഡുകൾ പിറന്ന മത്സരം, താരങ്ങൾ ഗ്രൗണ്ടിൽ ആണെന്ന കാര്യം പോലും മറന്ന് കയ്യാങ്കളിയിൽ ഏർപ്പെട്ടപ്പോൾ നാണക്കേടായത് ബ്രസീലിയൻ ഫുട്ബോളിനാണ്. ഇന്നലെ ലാറ്റിനമേരിക്കയിലെ ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന കോപ്പ ലിബെർട്ടഡോറസിന്റെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിലാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്. ബ്രസീലിലെ പ്രമുഖക്ലബുകളായ ഗ്രിമിയോയും ഇന്റർനാസിയോണലും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിലാണ് കൂട്ടത്തല്ലും കൂട്ടറെഡ് കാർഡും കണ്ടത്. മത്സരം ഗോൾ രഹിതസമനിലയിൽ കലാശിക്കുകയായിരുന്നു.

മത്സരത്തിന്റെ എൺപത്തിയേഴാം മിനുട്ടിലാണ് ഈ സംഭവങ്ങൾക്ക് തുടക്കമാവുന്നത്. ഗ്രിമിയോ താരമായ ലൂസിയാനോയും ഇന്റർതാരമായ എഡ്നിൽസണും തമ്മിൽ ഒരു ഫൗളിന്റെ പേരിൽ കൊമ്പുകോർക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരുടീമംഗങ്ങളും ഇത് ഏറ്റെടുത്തതോടെ സംഭവം വലിയ കൂട്ടത്തല്ലിൽ കലാശിച്ചു. ഇരുടീമിലെയും സൈഡ് ബെഞ്ച് താരങ്ങളും സ്റ്റാഫുമൊക്കെ ഇറങ്ങി രംഗം വഷളാക്കുകയായിരുന്നു. ഇതോടെ ഗ്രിമിയോ താരങ്ങളായ ലൂസിയാനോ, പെപെ എന്നിവർക്കും എഡ്നിൽസൺ, മോയ്‌സസ് എന്നിവർക്കും റഫറി റെഡ് കൊടുത്ത് പുറത്താക്കുകയായിരുന്നു.

എന്നാൽ ഇത് കൊണ്ടൊന്നും പ്രശ്നങ്ങൾക്ക് അറുതി വീണില്ല. വീണ്ടും കയ്യാങ്കളി തുടർന്നതോടെ കൂടുതൽ റെഡ് കാർഡുകൾ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. അങ്ങനെ 95-ആം മിനുട്ടിൽ ഗ്രിമിയോ താരങ്ങളായ കയോ, പൌലോ മിറാൻഡ എന്നിവർക്കും ഇന്റർതാരങ്ങളായ വിക്ടർ, ബ്രൂണോ എന്നിവർക്കും റഫറി റെഡ് നൽകുകയായിരുന്നു. ഏതായാലും ഈ സംഭവങ്ങൾ ബ്രസീലിയൻ ഫുട്ബോളിന് നാണക്കേടായിരിക്കുകയാണ്. ഒരു രാജ്യത്തെ പ്രമുഖക്ലബുകൾ പതിനായിരകണക്കിന് വരുന്ന കാണികൾക്ക് മുൻപിൽ പരിസരബോധമില്ലാതെ കയ്യാങ്കളിയിൽ ഏർപ്പെട്ടത് നാണക്കേട് തന്നെയാണ് എന്നാണ് പലരും വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *