കളി നടക്കുമ്പോൾ സ്റ്റേഡിയത്തിലൂടെ ട്രൈൻ പോകുന്നത് കണ്ടിട്ടുണ്ടോ?
കളി നടക്കുമ്പോൾ ഫുട്ബോൾ സ്റ്റേഡിയത്തിലൂടെ തീവണ്ടി കടന്ന് പോവുക! അതും പുകച്ച് തുപ്പി പുകപടലങ്ങൾ കൊണ്ട് ചുറ്റും വലയം തീർക്കുന്ന ആവി എഞ്ചിനുള്ള ട്രൈൻ! തീർത്തും അവിശ്വസിനീയമായിരിക്കും പലർക്കും ഈ വാർത്ത. പക്ഷേ സംഗതി സത്യമാണ്. സ്ലോവാക്യയിലെ അമേച്ച്വർ ക്ലബ്ബായ TJ ടാറ്ററൻ ചീർണി ബലോഗ് (TJ Tatran Čierny Balog)ൻ്റെ മൈതാനത്താണ് ഈ അപൂർവ്വ സംഗതിയുള്ളത്.
ചീർണി ബലോഗ് സ്ലോവാക്യയിലെ ഒരു മുൻസിപ്പാലിറ്റിയാണ്. അവിടുത്തെ മുൻസിപ്പൽ സ്റ്റേഡിയത്തിലെ ഗ്യാലറിക്കും ഗ്രൗണ്ടിനും ഇടയിലൂടെയാണ് ചീർണി ഹോൺ റൈൽവേ പാത കടന്ന് പോകുന്നത്. 17കി.മി ദൈർഘ്യമാണ് നിലവിൽ ഈ നാരോഗേജ് പാതക്കുള്ളത്. സ്ഥിരമായി ഈ പാതയിലൂടെ ട്രൈൻ സർവീസുള്ളതിനാൽ TJ ടാറ്ററൻ ചീർണി ബലോഗ് ക്ലബ്ബിന് മത്സരമുള്ളപ്പോഴും ഇതുവഴി ട്രൈനുകൾ കടന്നു പോവുന്നു. ഗ്യാലറിക്ക് തൊട്ടു മുന്നിലൂടെ തീവണ്ടി കടന്ന് പോകുന്ന സമയത്ത് കാണികൾ യാത്രക്കാർക്ക് നേരെ കൈ വീശിക്കാണിക്കുന്നത് സർവ്വസാധാരണമാണ്. ഒരുപക്ഷേ ലോകത്ത് ഇത്തരത്തിലുള്ള ഏക സ്റ്റേഡിയമായിരിക്കും ഇത്.
സ്റ്റേഡിയത്തിലൂടെ ട്രൈൻ കടന്ന് പോകുന്ന ദൃശ്യം കാണാൻ താഴെ തന്നിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ.
Nothing to see here. Just a train running right through the middle of a football stadium. While a game goes on as normal… pic.twitter.com/YuE4NxClZB
— Dangerous Attack Bet (@dangerousattack) October 3, 2016