എല്ലാ മത്സരങ്ങളും ഉപേക്ഷിക്കാനൊരുങ്ങി അർജന്റീന
അർജന്റീനയിൽ ഇനി നടക്കാനുള്ള എല്ലാ കോംപിറ്റീഷനുകളും ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. കഴിഞ്ഞ ദിവസം ഒരു പ്രാദേശികവാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ആയ ക്ലൌഡിയോ ടാപ്പിയ ഇക്കാര്യം അറിയിച്ചത്. ഈ വരുന്ന തിങ്കളാഴ്ച്ച വ്യക്തമായ സ്ഥിരീകരണമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് നിയന്ത്രണവിധേയമാകാത്ത ഈ സാഹചര്യത്തിൽ അധികൃതർ എല്ലാ കോംപിറ്റീഷനുകളും ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്
” എല്ലാ ടൂർണമെന്റുകളും അവസാനിപ്പിക്കാനാണ് ഞങ്ങൾ ആലോചിച്ചു കൊണ്ടിരിക്കുന്നത്. മതിയായ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മത്സരങ്ങൾ പുനരാംഭിക്കാൻ അർജന്റീന ഗവണ്മെന്റ് അനുമതി നൽകുകയൊള്ളൂ ” ടാപ്പിയ പറഞ്ഞു. അടുത്ത രണ്ട് സീസണിൽ തരംതാഴ്ത്തലുകൾ ഉണ്ടാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ പ്രൊമോഷന്റെ കാര്യത്തിലോ ചാമ്പ്യൻമാരുടെ കാര്യത്തിലോ അദ്ദേഹം വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിലെ മെയ് പത്ത് വരെ അർജന്റീനയിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 192 കോവിഡ് മരണങ്ങൾ അർജന്റീനയിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.