UCL നറുക്കെടുപ്പ് എന്ന് ?എപ്പോൾ? പ്രൈസ് മണി എത്ര?അറിയേണ്ടതെല്ലാം!
ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും വലിയ മാമാങ്കമായ യുവേഫ ചാമ്പ്യൻസ് ലീഗിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർ ഉള്ളത്. ഇത്തവണ പുതിയ ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇതുവരെ ചാമ്പ്യൻസ് ലീഗിൽ 32 ടീമുകളായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഇത്തവണ അത് 36 ആയി വർദ്ധിച്ചിട്ടുണ്ട്.മാത്രമല്ല മത്സരങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
ഇതുവരെ ഒരു സീസണിൽ 125 മത്സരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ചാമ്പ്യൻസ് ലീഗിൽ 189 മത്സരങ്ങൾ നമുക്ക് കാണാൻ കഴിഞ്ഞേക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമുകൾക്കും എട്ട് വീതം മത്സരങ്ങൾ കളിക്കേണ്ടി വരും.ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത മത്സരങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്.അതിനുശേഷമാണ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നടക്കുക. അതായത് ഈ നറുക്കെടുപ്പ് അരങ്ങേറുക ഓഗസ്റ്റ് 29 ആം തീയതി വ്യാഴാഴ്ചയാണ്.മൊണാക്കോയിൽ വെച്ചു കൊണ്ടാണ് ഈ ചടങ്ങ് നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 9:30നാണ് ഈ നറുക്കെടുപ്പ് വീക്ഷിക്കാൻ കഴിയുക.യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഇതിന്റെ ടെലികാസ്റ്റിംഗ് ഉണ്ടായിരിക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമിനും നാല് ഹോം മത്സരങ്ങളും നാല് എവേ മത്സരങ്ങളും ആയിരിക്കും ഉണ്ടാവുക. ടോപ്പ് 8 ടീമുകൾക്ക് പ്രീ ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടാൻ സാധിക്കും.ഒമ്പതാം സ്ഥാനം മുതൽ പതിനാറാം സ്ഥാനം വരെയുള്ള ടീമുകൾ പതിനേഴാം സ്ഥാനം മുതൽ ഇരുപത്തിനാലാം സ്ഥാനം വരെയുള്ള ടീമുകളും ആയി പ്ലേ ഓഫ് മത്സരങ്ങൾ കളിക്കും. അതിൽ വിജയിക്കുന്നവർക്ക് പ്രീ ക്വാർട്ടർ യോഗ്യത കരസ്ഥമാക്കാൻ സാധിക്കും.
ചാമ്പ്യൻസ് ലീഗിൽ 2467 മില്യൺ യൂറോയാണ് UEFA ഇത്തവണ ചിലവഴിക്കുന്നത്.യോഗ്യത നേടിയ 36 ടീമുകൾക്കായി 670 മില്യൺ യൂറോ യുവേഫ വിതരണം ചെയ്യും. ഗ്രൂപ്പ് സ്റ്റേജിൽ കളിക്കുന്ന എല്ലാ ടീമുകൾക്കും 18.62 മില്യൺ യൂറോ ലഭിക്കും. ഓരോ വിജയത്തിനും 2.1 മില്യൺ യൂറോയാണ് ലഭിക്കുക. സമനിലക്ക് 7 ലക്ഷം യൂറോയും ലഭിക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനം മുതൽ എട്ടാം സ്ഥാനം വരെ ഫിനിഷ് ചെയ്യുന്നവർക്ക് രണ്ടു മില്യൺ യൂറോ കൂടി ലഭിക്കും. ഒമ്പതാം സ്ഥാനം മുതൽ പതിനാറാം സ്ഥാനം വരെയുള്ളവർക്ക് ഒരു മില്യൺ യൂറോ കൂടി ലഭിക്കും.നോക്കോട്ട് ഘട്ടത്തിൽ ഏറ്റുമുട്ടുന്നവർക്ക് ഒരു മില്യൺ യൂറോ അഡീഷണലായി ലഭിക്കും. അതിൽ വിജയിച്ചു കൊണ്ട് പ്രീ ക്വാർട്ടറിന് യോഗ്യത ലഭിക്കുന്നവർക്ക് 11 മില്യൺ നേടാൻ സാധിക്കും.ക്വാർട്ടറിൽ എത്തുന്നവർക്ക് 12.5 മില്യൺ യൂറോയും സെമിയിൽ എത്തുന്നവർക്ക് 15 മില്യൺ യൂറോയും ഫൈനലിൽ എത്തുന്നവർക്ക് 18.5 മില്യൺ യൂറോയും ആണ് ലഭിക്കുക.അതായത് ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്ക് ചുരുങ്ങിയത് 86 മില്യൺ യൂറോ എങ്കിലും നേടാൻ സാധിക്കും എന്നുള്ളതാണ്. ഏതായാലും ഒരു വലിയ ടൂർണമെന്റ് തന്നെയാണ് നമ്മെ കാത്തിരിക്കുന്നത്.