ESL-ലെ ടീമുകളെ തഴഞ്ഞ് യോഗം വിളിച്ച് പ്രീമിയർ ലീഗ് ക്ലബുകൾ!

കഴിഞ്ഞ ദിവസമായിരുന്നു ഫുട്ബോൾ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിക്കപ്പെട്ടത്. യൂറോപ്പിലെ പ്രധാനപ്പെട്ട 12 ടീമുകൾ ഇതിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.ഇതിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിൽ നിന്ന് ആറ് ടീമുകളാണ് യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ടോട്ടൻഹാം, ആഴ്സണൽ എന്നീ ക്ലബുകളാണ് ഇവർ.എന്നാൽ പ്രീമിയർ ലീഗ് ഇതിനെതിരെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.യൂറോപ്യൻ സൂപ്പർ ലീഗ് അംഗീകരിക്കാനാവില്ലെന്നും അത്‌ ഫുട്ബോളിന് കോട്ടം തട്ടിക്കുമെന്നാണ് പ്രീമിയർ ലീഗ് അറിയിച്ചിരുന്നത്. അത്‌ മാത്രമല്ല ഇംഗ്ലണ്ട് പ്രൈം മിനിസ്റ്ററും യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഈ ആറ് ക്ലബുകൾക്കെതിരെ പ്രീമിയർ ലീഗ് നടപടി എടുക്കുകയാണെങ്കിൽ അതിന് ഗവണ്മെന്റിന്റെ പിന്തുണയുണ്ടാവുമെന്നും ബോറിസ് ജോൺസൺ അറിയിച്ചിരുന്നു.

ഏതായാലും ഇതിനിടെ ഈ ആറ് ക്ലബുകളെ ഒഴിവാക്കി കൊണ്ട് ബാക്കിയുള്ള പതിനാലു പ്രീമിയർ ലീഗ് ക്ലബുകൾ യോഗം വിളിച്ചിട്ടുണ്ട്. ഭാവിയെ കുറിച്ച് ചർച്ച ചെയ്യാനാണ് ഈ പതിനാലു ക്ലബുകൾ ഒരുമിച്ച് കൂടുന്നത്.നിർണായകമായ തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.അതേസമയം ലിവർപൂളിന്റെയും ചെൽസിയുടെയും ആരാധകർക്കിടയിൽ വൻ പ്രതിഷേധം ഉയരുന്നുണ്ട്. ഞങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചു എന്നാണ് ചെൽസി ആരാധകർ ഇതിനെതിരെ പ്രതികരിച്ചത്. അതേസമയം തങ്ങളുടെ ബാനറുകൾ നീക്കം ചെയ്യുമെന്ന് ലിവർപൂൾ ഫാൻസ്‌ അറിയിച്ചിട്ടുണ്ട്.ഫുട്‍ബോളിനെ നശിപ്പിച്ചു കൊണ്ട് പണത്തിന് പിന്നാലെ പോവുന്ന ക്ലബ്ബിനെ ഇനി പിന്തുണക്കില്ലെന്നും ഒരു കൂട്ടം ലിവർപൂൾ ആരാധകർ അറിയിച്ചിട്ടുണ്ട്. ഏതായാലും ഇതിന്റെ അന്തിമഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *