CR7 ഇല്ലാത്ത UCL രണ്ട് പതിറ്റാണ്ടിന് ശേഷം ഇതാദ്യം,റെക്കോർഡുകൾ മുഴുവനും താരത്തിന് സ്വന്തം!

ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന് നാളെ തുടക്കമാവുകയാണ്. ഫുട്ബോൾ ലോകത്തെ ഭൂരിഭാഗം പ്രമുഖ ക്ലബ്ബുകളും യോഗ്യത നേടിയിട്ടുണ്ട്.അതേസമയം പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിന് ഇല്ല എന്നുള്ളത് ഫുട്ബോൾ ആരാധകർക്ക് തന്നെ നിരാശ പകരുന്ന ഒരു കാര്യമാണ്.

റൊണാൾഡോ ഇല്ലാത്ത യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ട് പതിറ്റാണ്ടിന് ശേഷം ഇത് ആദ്യമായാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ പലരെ സംബന്ധിച്ചിടത്തോളവും റൊണാൾഡോ ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ഒരു പുതിയ അനുഭവമാണ്. ഇത്തവണ റൊണാൾഡോ യുവേഫ യൂറോപ്പ ലീഗിലാണ് കളിക്കുക.

എന്നാൽ ചാമ്പ്യൻസ് ലീഗിലെ റെക്കോർഡുകൾ എടുത്തു നോക്കുമ്പോൾ ഒട്ടുമിക്ക റെക്കോർഡുകളിലും ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരിക്കുന്നത് റൊണാൾഡോ തന്നെയാണ്. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ പേരിലുള്ള ചില റെക്കോർഡുകൾ നമുക്കൊന്ന് പരിശോധിക്കാം.

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്.141 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.125 ഗോളുകൾ നേടിയ സൂപ്പർ താരം ലയണൽ മെസ്സിയാണ് രണ്ടാം സ്ഥാനത്തുള്ളത്.86 ഗോളുകളുള്ള ബെൻസിമ മൂന്നാം സ്ഥാനത്തും ഇതേ ഗോളുകളുള്ള ലെവന്റോസ്ക്കി തൊട്ടു പിറകിലുമുണ്ട്.

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിൽ തന്നെയാണ്.187 മത്സരങ്ങളാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്.181 മത്സരങ്ങൾ കളിച്ചിട്ടുള്ള കസിയസാണ് രണ്ടാം സ്ഥാനത്ത്.

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരവും റൊണാൾഡോ തന്നെയാണ്.42 അസിസ്റ്റുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്.36 അസിസ്റ്റുകൾ ഉള്ള ലയണൽ മെസ്സി രണ്ടാം സ്ഥാനത്തുണ്ട്.

ഏറ്റവും കൂടുതൽ പെനാൽറ്റികൾ ഗോളാക്കി മാറ്റിയ താരവും റൊണാൾഡോ തന്നെയാണ്.19 പെനാൽറ്റികളാണ് റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ സ്കോർ ചെയ്തിട്ടുള്ളത്.18 എണ്ണമുള്ള മെസ്സി രണ്ടാം സ്ഥാനത്തുണ്ട്.

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മിനുട്ടുകൾ കളിച്ച രണ്ടാമത്തെ താരം റൊണാൾഡോയാണ്.16189 മിനുട്ടുകളാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്.16267 മിനിട്ടുകൾ കളിച്ചിട്ടുള്ള കസിയസാണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.

ഇതൊക്കെയാണ് റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗിലെ റെക്കോർഡുകൾ. റെക്കോർഡുകൾ വർധിപ്പിക്കാൻ റൊണാൾഡോ ഇത്തവണ ഇല്ല എന്നുള്ളത് പലർക്കും നിരാശ നൽകുന്ന കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *