15-ആം വയസ്സിൽ തനിക്ക് അവസരം നൽകിയ ആശാനെ 25 വർഷത്തിന് ശേഷം നേരിടാനൊരുങ്ങി പിർലോ !

അപ്രതീക്ഷിതമായ ഒരു കൂടിച്ചേരലിനാണ് യുവന്റസ് പരിശീലകനായ ആൻഡ്രേ പിർലോയും ഡൈനാമോ കീവ് പരിശീലകനായ മിർച്ച ലൂചെസ്ക്കുവും ഇന്ന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തുടങ്ങി വെച്ച ഒരു ബന്ധത്തിന്റെ കഥ പറയാനുണ്ടാകും ഇരുവർക്കും. തന്നെ സീനിയർ ഫുട്ബോളിലേക്ക് കൈപിടിച്ചുയർത്തിയ പ്രിയപ്പെട്ട ആശാനെയാണ് ഇന്ന് പിർലോ പരിശീലകവേഷത്തിൽ നേരിടാനൊരുങ്ങിയത്. പിർലോ എന്ന ഇതിഹാസത്തിന്റെ വളർച്ചക്ക് കാരണങ്ങളിലൊരാൾ ലൂചെസ്ക്കുവാണ് എന്ന് പറഞ്ഞാൽ അത്‌ തെറ്റാവില്ല. ഇറ്റാലിയൻ ക്ലബായ ബ്രെസിയയുടെ അക്കാദമിയിലൂടെയായിരുന്നു പിർലോ ഫുട്ബോൾ ലോകത്തേക്ക് കയറി വരുന്നത്. താരത്തിന്റെ പ്രതിഭയെ മനസ്സിലാക്കിയ ലൂചെസ്ക്കു പിർലോയെ കേവലം പതിനഞ്ചാമത്തെ വയസ്സിൽ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യുകയായിരുന്നു. അവിടുന്ന് തുടങ്ങിയതാണ് പിർലോ എന്ന ഇതിഹാസത്തിന്റെ വളർച്ച.

പക്ഷെ താരത്തിന്റെ പതിനാറാമത്തെ വയസ്സിൽ, 1995-ലാണ് പിർലോ ബ്രെസിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് താരം മിന്നിതിളങ്ങി. എന്നാൽ 1996-ൽ ലൂചെസ്ക്കു ബ്രെസിയയോട് വിടപറഞ്ഞു. പിന്നീട് 1998-ൽ അദ്ദേഹം ഇന്റർ മിലാന്റെ പരിശീലകനായി ചുമതലയേറ്റു.അതേവർഷം തന്നെയായിരുന്നു പിർലോയെ ഇന്റർമിലാൻ തട്ടകത്തിലെത്തിച്ചിരുന്നതും. എന്നാൽ അടുത്ത വർഷം തന്നെ ലൂചെസ്ക്കു ഇന്ററിനോട് വിട ചൊല്ലുകയായിരുന്നു. ഏതായാലും 75-കാരനായ ലൂചെസ്ക്കു നിലവിൽ ഡൈനാമോ കീവിന്റെ പരിശീലകനാണ്. ഈ സീസണിലാണ് അദ്ദേഹം പരിശീലകസ്ഥാനം ഏറ്റെടുത്തത്. പിർലോയും ഈ സീസണിലാണ് പരിശീലകനായത്. പിർലോ പരിശീലകനായതിൽ തനിക്ക് അത്ഭുതമില്ലെന്ന് ലൂചെസ്ക്കു മുമ്പ് പ്രസ്താവിച്ചിരുന്നു. ഏതായാലും ആശാനെ കീഴടക്കാൻ ശിഷ്യനാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *