13ആം വയസ്സിൽ ടാറ്റൂ,27ആം വയസ്സിൽ അരങ്ങേറ്റത്തിൽ തന്നെ ഗോൾ,അച്ഛന്റെ വഴിയേ സഞ്ചരിച്ച് സിമയോണിയും!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ഗ്രൂപ്പ് ഘട്ടമത്സരത്തിൽ വമ്പൻമാരായ ലിവർപൂൾ നാപ്പോളിക്ക് മുന്നിൽ തകർന്നടിഞ്ഞിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് നാപ്പോളി ലിവർ പൂളിനെതിരെ വിജയം നേടിയത്. മത്സരത്തിൽ ഒരു ഗോൾ നേടാൻ സൂപ്പർ താരം ജിയോവാനി സിമയോണിക്ക് സാധിച്ചിരുന്നു. താരത്തിന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റമായിരുന്നു ഇത്. മത്സരത്തിന്റെ 41ആം മിനിട്ടിൽ പകരക്കാരനായി എത്തിയ സിമയോണി 3 മിനിറ്റിനകം തന്റെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോളും കരസ്ഥമാക്കുകയായിരുന്നു.

ചാമ്പ്യൻസ് ലീഗിലെ ഗോൾ നേട്ടം സിമയോണിയെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നസാക്ഷാത്കാരമാണ്. ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുക എന്നുള്ളത് സിമയോണിയുടെ കുട്ടിക്കാലം മുതലേയുള്ള ഒരു സ്വപ്നമാണ്. തന്റെ പതിമൂന്നാമത്തെ വയസ്സിൽ ചാമ്പ്യൻസ് ലീഗിലെ ബോളിന്റെ ചിത്രം തന്റെ കൈത്തണ്ടയിൽ സിമയോണി ടാറ്റൂ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം തന്റെ ഇരുപത്തിയേഴാമത്തെ വയസ്സിലാണ് ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സിമയോണി ഗോൾ നേടിയിട്ടുള്ളത്. ഈയൊരു നേട്ടത്തിൽ താരം വളരെയധികം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.സിമയോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” പതിമൂന്നാമത്തെ വയസിലായിരുന്നു ഞാൻ ടാറ്റൂ ചെയ്തത്. ചാമ്പ്യൻസ് ലീഗ് കളിക്കുക എന്നുള്ളതായിരുന്നു തുടക്കം തൊട്ടെ എന്റെ സ്വപ്നം. 14 വർഷങ്ങൾക്കുശേഷം ഇപ്പോൾ ഇതാ ഞാൻ ഇവിടെ എത്തി നിൽക്കുന്നു.എന്റെ സ്വപ്നം എത്തിപ്പിടിക്കാൻ വേണ്ടിയായിരുന്നു ഞാൻ ഈ ടാറ്റു ചെയ്തിരുന്നത്. ഒരു ഗോൾ നേടിക്കൊണ്ട് ഈ ബോളിൽ മുത്തർപ്പിക്കുന്നതായിരുന്നു എന്റെ സ്വപ്നം. ഈ ടാറ്റു കാണുന്ന സമയങ്ങളിൽ എല്ലാം ഞാൻ എന്റെ സ്വപ്നത്തെ കുറിച്ചോർക്കും.ഞാൻ വളരെയധികം ആവേശഭരിതനാണ്.ഇവിടെ എത്താൻ ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ഒടുവിൽ ഞാൻ ഇവിടെ എത്തിനിൽക്കുന്നു ” ഇതാണ് സിമയോണി പറഞ്ഞിട്ടുള്ളത്.

മാത്രമല്ല തന്റെ പിതാവായ ഡിയഗോ സിമയോണിയുടെ അതെ വഴിയിൽ തന്നെയാണ് മകനായ ജിയോവാനി സിമയോണിയും ഇപ്പോൾ സഞ്ചരിക്കുന്നത്. തന്റെ ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ രണ്ട് ഗോളുകൾ നേടാൻ ഡിയഗോ സിമയോണിക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ 25 വർഷങ്ങൾക്ക് ശേഷം ജിയോവാനി സിമയോണിയും ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ഗോൾ കണ്ടെത്തി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *