ഹാലണ്ടിന് മറുപടിയുമായി നെയ്മർ, ആരാധകർ ആവേശത്തിൽ

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന പ്രീക്വാർട്ടറിൽ ഉജ്ജ്വലതിരിച്ചു വരവ് നടത്തിയാണ് നെയ്മറും സംഘവും ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്തത്. ആദ്യപാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടാനായിരുന്നു പിഎസ്ജിയുടെ വിധി. അന്ന് ബൊറൂസിയയുടെ രണ്ട് ഗോളുകളും നേടിയത് എർലിങ് ഹാലണ്ട് ആയിരുന്നു. ആ ഗോളുകൾ നേടിയ ശേഷം ഹാലണ്ടിന്റെ സെലിബ്രേഷൻ ഉണ്ടായിരുന്നു. മൈതാനത്തിൽ ധ്യാനത്തിലിരിക്കുന്നത് പോലെയുള്ള സെലിബ്രേഷൻ ആയിരുന്നു അദ്ദേഹത്തിന്റേത്. ഗോൾ നേടിയാൽ സ്ഥിരമായി ഹാലണ്ട് നടത്തുന്ന ആഘോഷമായിരുന്നു അത്.

എന്നാൽ ഇന്നലെ ഹാലണ്ടിന്റെ സെലിബ്രേഷന് മറുപടിയായിരുന്നു നെയ്മർ ജൂനിയറുടെ സെലിബ്രേഷൻ. തുടർച്ചയായി നെയ്മർ എടുത്ത കോർണറുകൾ ഫലപ്രദമാവാതെ പോയതോടെ നെയ്മർ കോർണർ എടുക്കാനുള്ള ദൗത്യം എയ്ഞ്ചൽ ഡി മരിയയെ ഏൽപ്പിച്ചു. മത്സരത്തിന്റെ 28-ആം മിനുട്ടിൽ ഡിമരിയയുടെ കോർണറിൽ നിന്ന് ഒരു ഡൈവിംഗ് ഹെഡ്ഡറിലൂടെ ബൊറൂസിയയുടെ വലകുലുക്കിയത് നെയ്മർ ജൂനിയറായിരുന്നു. ആ ഗോളാഘോഷം നെയ്മർ നടത്തിയത് എർലിങ് ഹാലണ്ടിന്റെ സെലിബ്രേഷൻ അനുകരിച്ചായിരുന്നു. മത്സരശേഷം തന്റെ ഇൻസ്റ്റാഗ്രാമിൽ ആ സെലിബ്രേഷൻ ഫോട്ടോ പോസ്റ്റ്‌ ചെയ്തു കൊണ്ട് നെയ്മർ ഇങ്ങനെ കുറിച്ചു. ” പാരീസ് ഞങ്ങളുടെ സിറ്റിയാണ്. നിങ്ങളുടേതല്ല “.

ആ ഒരു കുറിപ്പ് ബൊറൂസിയ ഡോർട്മുണ്ടിനും കൂടിയുള്ള മറുപടിയായിരുന്നു. മത്സരശേഷം പിഎസ്ജി ടീം ഒന്നടങ്കം എർലിങ് ഹാലണ്ടിന്റെ സെലിബ്രേഷൻ അനുകരിച്ചിരുന്നു. എന്നാൽ കേവലം പത്തൊൻപതുകാരന്റെ സെലിബ്രേഷനെ ഒരു ടീം ഒന്നടങ്കം പരിഹസിച്ചത് ശരിയായില്ല എന്ന അഭിപ്രായക്കാരും ഫുട്ബോൾ ലോകത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *