ഹാരി കെയ്നിനെ നേരിടാൻ പേടിയുണ്ടോ? ഫെഡേ വാൽവെർദേ പറയുന്നു!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യ പാദ സെമി ഫൈനൽ പോരാട്ടത്തിൽ ഒരു കിടിലൻ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. ക്ലബ്ബ് ഫുട്ബോൾ ലോകത്തെ രണ്ട് വമ്പൻ ശക്തികളായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ മത്സരം വീക്ഷിക്കാനാവുക.ബയേണിന്റെ മൈതാനമായ അലിയൻസ് അരീനയിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ബയേണിന്റെ ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കറായ ഹാരി കെയ്ൻ തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്.ഈ സീസണിൽ ആകെ 42 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഗോളടിച്ചു കൂട്ടുന്ന ഹാരി കെയ്നിനെ ഭയക്കുന്നുണ്ടോ എന്നുള്ള ചോദ്യം റയൽ മാഡ്രിഡ് സൂപ്പർ താരമായ ഫെഡേ വാൽവെർദെയോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ തങ്ങൾ ശാന്തരാണെന്നും വേൾഡ് ക്ലാസ് ഡിഫൻഡേഴ്സ് തങ്ങൾക്കുണ്ട് എന്നുമാണ് വാൽവെർദെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Fede Valverde: "Harry Kane? We have the best defense in the world. We have to show appreciation for our defenders." pic.twitter.com/ulcQH2Oihl
— Madrid Zone (@theMadridZone) April 29, 2024
” ഞങ്ങൾക്ക് വേൾഡ് ക്ലാസ് ഡിഫൻഡേഴ്സ് ഉണ്ട്.ക്ലബ്ബിന്റെ എല്ലാ നിമിഷങ്ങളിലും മികച്ച പ്രകടനം നടത്തിയവരാണ് അവർ. ഒരുപാട് പരിചയസമ്പത്തുള്ളവരാണ്,ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം അവർ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ ആദ്യം റയലിന്റെ പ്രതിരോധനിര താരങ്ങളെ ബഹുമാനിക്കണം. അതിനുശേഷം മാത്രമാണ് എതിരാളികളിലെ സ്ട്രൈക്കർമാരിലേക്ക് നോക്കേണ്ടത്.ഞാൻ വളരെയധികം ശാന്തനാണ്. അതിന് നന്ദി പറയേണ്ടത് ഞങ്ങളുടെ ഡിഫൻഡേഴ്സിനോട് തന്നെയാണ് ” ഇതാണ് ഫെഡ വാൽവെർദെ പറഞ്ഞിട്ടുള്ളത്.
ഹാരി കെയ്ൻ ഈ ചാമ്പ്യൻസ് ലീഗിൽ ആകെ 10 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ബുണ്ടസ് ലിഗ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ടാണ് ഇപ്പോൾ ഹാരി കെയ്ൻ വരുന്നത്. റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരക്ക് അദ്ദേഹം വെല്ലുവിളി സൃഷ്ടിച്ചേക്കും.