ഹാട്രിക്ക് നേടാൻ പെനാൽറ്റി വാഗ്ദാനം ചെയ്ത് ബെൻസിമ,നിരസിച്ച് റോഡ്രിഗോ!
കഴിഞ്ഞദിവസം യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാംപാദ സെമി ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്.ഇതോടെ അഗ്രിഗേറ്റിൽ ഒരു ഗോളിന്റെ ലീഡിൽ വിജയിച്ച റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയാവട്ടെ ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗിൽ നിന്നും കിരീടം നേടാനാവാതെ പടിയിറങ്ങി.
മത്സരത്തിൽ റയൽ രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിൽക്കുന്ന സമയത്ത് ഞൊടിയിടയിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോ ക്ലബ്ബിന്റെ ഹീറോയാവുകയായിരുന്നു. എന്നാൽ മത്സരത്തിൽ തനിക്ക് ഹാട്രിക് നേടാമായിരുന്ന ഒരു സുവർണാവസരം റോഡ്രിഗോ തന്നെ നിരസിക്കുകയായിരുന്നു. പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ ഗൊളാസോ ഡി ഗോൾ ആണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത്.
— ginsvids (@ginasvideos) May 5, 2022
മത്സരത്തിന്റെ അധിക സമയത്ത് റയലിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിക്കുകയായിരുന്നു. സൂപ്പർതാരം ബെൻസിമയായിരുന്നു ഈ പെനാൽറ്റി വിൻ ചെയ്തത്. എന്നാൽ ബെൻസിമ റോഡ്രിഗോക്ക് ഹാട്രിക് നേടാൻ വേണ്ടി പെനാൽറ്റി വാഗ്ദാനം ചെയ്യുകയായിരുന്നു.നിനക്ക് വേണോ എന്നായിരുന്നു ബെൻസിമ റോഡ്രിഗോയോട് ചോദിച്ചത്.എന്നാൽ റോഡ്രിഗോ വേണ്ട എന്നറിയിക്കുകയായിരുന്നു. പിന്നീട് പെനാൽറ്റി എടുത്ത ബെൻസിമ വളരെ അനായാസം ഗോൾ നേടുകയും റയലിനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു.
ഏതായാലും മത്സരത്തിൽ റയലിന്റെ ക്യാപ്റ്റനായിരുന്ന ബെൻസിമയുടെ ഈ പ്രവർത്തി വലിയ രൂപത്തിലുള്ള പ്രശംസകൾ അദ്ദേഹത്തിന് നേടിക്കൊടുത്തിട്ടുണ്ട്.സോഷ്യൽ മീഡിയയിലൊക്കെ ഈ വീഡിയോ വളരെ എളുപ്പത്തിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.