ഹസാർഡ് വളരെയധികം സന്തോഷത്തിലാണ്: മിന്നും പ്രകടനത്തിനുശേഷം താരത്തെ പുകഴ്ത്തി ആഞ്ചലോട്ടി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മികച്ച വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ സെൽറ്റിക്കിനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ വിനീഷ്യസ് ജൂനിയർ,ഈഡൻ ഹസാർഡ്,ലുക്ക മോഡ്രിച്ച് എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്.
മത്സരത്തിൽ എടുത്തു പറയേണ്ട പ്രകടനം സൂപ്പർ താരം ഈഡൻ ഹസാർഡിന്റെതാണ്. ബെൻസിമ പരിക്കേറ്റു പുറത്തു പോയതോടുകൂടിയാണ് മുപ്പതാം മിനിറ്റിൽ ഹസാർഡ് കളത്തിൽ എത്തുന്നത്. തുടർന്ന് ഒരു ഗോളും ഒരു അസിസ്റ്റുമാണ് ഹസാർഡ് സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല റയൽ മാഡ്രിഡ് നേടിയ ആദ്യ ഗോളിലും പങ്കാളിത്തം വഹിക്കാൻ സൂപ്പർതാരത്തിന് കഴിഞ്ഞു.
ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി രംഗത്ത് വന്നിട്ടുണ്ട്.ഹസാർഡ് വളരെയധികം ഹാപ്പിയാണ് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 7, 2022
“ഹസാർഡിനെ ഇറക്കിയ സമയത്ത് ഇത് അദ്ദേഹത്തിന് തിളങ്ങാൻ കഴിയുന്ന ഒരു സമയമാണെന്ന് ഞാൻ കരുതിയിരുന്നു. ഞാൻ ശരിയാണെന്ന് പിന്നീട് അദ്ദേഹം തെളിയിക്കുകയും ചെയ്തു.ഹസാർഡ് ഇപ്പോൾ വളരെയധികം സന്തോഷവാനാണ്. ഇതുപോലെ അദ്ദേഹം മുന്നോട്ടു പോകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
2019-ൽ വളരെയധികം പ്രതീക്ഷകളോടുകൂടി റയലിൽ എത്തിയ താരത്തിന് പരിക്കും മറ്റു കാരണങ്ങൾ കൊണ്ടുമൊക്കെ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതുവരെ റയലിന് വേണ്ടി 69 മത്സരങ്ങൾ കളിച്ച താരം 7 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. ഇനി ലാലിഗയിൽ മയ്യോർക്കക്കെതിരെയുള്ള മത്സരത്തിൽ ബെൻസിമയില്ലെങ്കിൽ ഹസാർഡ് ഇടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.