സ്പെയിനിൽ വീണ്ടും കോവിഡ് വ്യാപകം, ബാഴ്സ-നാപോളി മത്സരത്തിന് ഭീഷണി

സ്പെയിനിൽ വീണ്ടും കോവിഡ് വ്യാപകമാവുന്നതായി റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് എഫ്സി ബാഴ്സലോണ- നാപോളി മത്സരം പോർചുഗല്ലിലേക്ക് മാറ്റാൻ യുവേഫ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഓ ജോഗോയെ ഉദ്ധരിച്ചു കൊണ്ടാണ് ഈ വാർത്ത സ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. കോവിഡ് ഭീഷണി വീണ്ടും ഉയർന്ന സാഹചര്യത്തിൽ മത്സരം സ്പെയിനിന് പുറത്തേക്ക് മാറ്റുന്നതാവും ഉചിതം എന്നാണ് യുവേഫയുടെ കണ്ടെത്തൽ. എന്നാൽ ഇക്കാര്യം യുവേഫ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. പ്രത്യേകിച്ച് കാറ്റാലൻ ക്യാപിറ്റൽ ആയ ബാഴ്സലോണയിൽ സ്ഥിതി ഒരല്പം ഗുരുതരമാവുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അത്കൊണ്ട് തന്നെ വേദി മാറ്റുന്ന കാര്യം ഗൗരവമായി തന്നെ യുവേഫ പരിഗണിച്ചേക്കും.

കോവിഡ് പ്രതിസന്ധി മൂലം ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ മുതലുള്ള മത്സരങ്ങൾ പോർചുഗലിലേക്ക് മാറ്റിയിരുന്നു. അത്കൊണ്ട് തന്നെ ബാഴ്സമത്സരവും മാറ്റിവെക്കാൻ നിർബന്ധിതരായാൽ പോർചുഗല്ലിലേക്ക് മാറ്റിയേക്കും. പോർട്ടോയിലേക്കോ അതല്ലെങ്കിൽ ഗിമിറസ് സ്റ്റേഡിയത്തിലേക്കോ മാറ്റും എന്നാണ് അറിയാൻ കഴിയുന്നത്. ആദ്യപാദം നാപോളിയുടെ ഗ്രൗണ്ടിൽ വെച്ചായിരുന്നു നടന്നത്. ആ മത്സരത്തിൽ 1-1 സമനില ആയിരുന്നു ഫലം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് നാപോളി പരിശീലകൻ ഗട്ടുസോ ബാഴ്സലോണയിലെ കോവിഡ് പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചിരുന്നു. കൊറോണ കാരണം ബാഴ്സയിൽ വന്നു കളിക്കാൻ ഭയമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *