സെർജിയോ റാമോസിനോട് ക്ഷമിച്ചിരിക്കുന്നു: ജർമ്മൻ ഫോട്ടോഗ്രാഫർ.
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജിയെ ബയേൺ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് പിഎസ്ജി ഈയൊരു തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.
മത്സരത്തിൽ പിഎസ്ജിയുടെ പ്രതിരോധനിരതാരമായ സെർജിയോ റാമോസ് തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്.എന്നാൽ അതിനു ശേഷം അദ്ദേഹം ഒരു വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. അതായത് മത്സരം അവസാനിച്ചതിനുശേഷം പിഎസ്ജിയുടെ എല്ലാ താരങ്ങളും ആരാധകരെ അഭിവാദ്യം ചെയ്യാൻ വേണ്ടി കളത്തിന് പുറത്തേക്ക് വന്നിരുന്നു.പിഎസ്ജി ആരാധക കൂട്ടായ്മയായ അൾട്രാസിന്റെ സ്റ്റാന്റിന് മുന്നിലായിരുന്നു പിഎസ്ജി താരങ്ങൾ ഉണ്ടായിരുന്നത്.
ആ സമയത്ത് ഒരു ഫോട്ടോഗ്രാഫറുടെ സാന്നിധ്യം സെർജിയോ റാമോസിന് അലോസരം സൃഷ്ടിച്ചിരുന്നു. താരം അദ്ദേഹത്തോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് നെയ്മറുടെയും മെസ്സിയുടെയും ഫോട്ടോയെടുക്കാൻ വേണ്ടി മറ്റൊരു ഫോട്ടോഗ്രാഫർ ശ്രമിക്കുന്നുണ്ടായിരുന്നു.എന്നാൽ ഫോട്ടോഗ്രാഫറുടെ സാന്നിധ്യം ഇഷ്ടപ്പെടാത്ത സെർജിയോ റാമോസ് ഈ രണ്ടാമത്തെ ഫോട്ടോഗ്രാഫർ മനപ്പൂർവ്വം രണ്ട് കൈകൾ കൊണ്ടും തള്ളി മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വലിയ രൂപത്തിൽ വൈറലായി.
ഇതിനു പിന്നാലെ വലിയ വിമർശനങ്ങളും ഈ ഡിഫൻഡർക്ക് കേൾക്കേണ്ടി വന്നു. ഇതോടുകൂടി സെർജിയോ റാമോസ് ആ ജർമ്മൻ ഫോട്ടോഗ്രാഫറായ മാർക്കസ് ഗില്ലിയറിനോട് പേഴ്സണലായി കൊണ്ട് മാപ്പ് പറഞ്ഞിരുന്നു. ആ മാപ്പ് സ്വീകരിച്ചിരിക്കുന്നു എന്നുള്ള കാര്യം ജർമ്മൻ ഫോട്ടോഗ്രാഫർ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🤦🏻♂️👎🏼 @SergioRamos pic.twitter.com/gmPmHhhexU
— Kerry Hau (@kerry_hau) February 15, 2023
” കഴിഞ്ഞദിവസം അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ടായി.സെർജിയോ റാമോസ് നേരിട്ട് എന്നെ ഫോണിൽ വിളിച്ചിരുന്നു.അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തിന് അദ്ദേഹം എന്നോട് മാപ്പ് പറയുകയും ചെയ്തു.അദ്ദേഹത്തിന്റെ മാപ്പ് ഞാൻ സ്വീകരിച്ചിരിക്കുന്നു. ഇതോടുകൂടി ഈ കേസ് അവസാനിച്ചിരിക്കുന്നു ” ഇതാണ് ജർമൻ ഫോട്ടോഗ്രാഫർ കുറിച്ചിട്ടുള്ളത്.
ഇതോടുകൂടി ഈ വിവാദങ്ങൾക്ക് അന്ത്യമാവുകയാണ്. ഇനി ജർമ്മനിയിൽ വച്ചാണ് സെർജിയോ റാമോസ് ബയേണിനെ രണ്ടാം പാദത്തിൽ നേരിടുക.