സെഞ്ചുറിക്ക് തൊട്ടരികിൽ ലെവ, ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒന്നാമൻ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് സെർബിയൻ ക്ലബ്ബായ റെഡ് സ്റ്റാർ ബെല്‍ഗ്രേഡിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയിട്ടുണ്ട്.റാഫിഞ്ഞ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയപ്പോൾ കൂണ്ടെ മത്സരത്തിൽ 3 അസിസ്റ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.
നിലവിൽ ഗംഭീര പ്രകടനമാണ് റോബർട്ട് ലെവന്റോസ്ക്കി പുറത്തെടുക്കുന്നത്. ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും ഒന്നാം സ്ഥാനത്ത് തുടരുന്നത് ലെവയാണ്. ലാലിഗയിൽ 14 ഗോളുകൾ നേടിയ ലെവ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.രണ്ടാം സ്ഥാനത്തുള്ള താരം 7 ഗോളുകൾക്ക് പിറകിലാണ്. അതേസമയം ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകളാണ് ലെവ നേടിയിട്ടുള്ളത്.റാഫിഞ്ഞ,ഹാരി കെയ്ൻ,ഗ്യോക്കേറസ് എന്നിവർക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നത് ലെവന്റോസ്ക്കി തന്നെയാണ്.
ഈ സീസണിൽ 16 മത്സരങ്ങൾ കളിച്ച ലെവ 19 ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്.മിന്നുന്ന ഫോമിലാണ് അദ്ദേഹം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ സെഞ്ച്വറിയുടെ തൊട്ടരികിൽ അദ്ദേഹം എത്തിയിട്ടുണ്ട്.99 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു.ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരം നിലവിൽ ലെവന്റോസ്ക്കിയാണ്. 140 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും 129 ഗോളുകൾ നേടിയ മെസ്സിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളത്. 124 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം 99 ചാമ്പ്യൻസ് ലീഗ് ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്.
കൂടാതെ മറ്റൊരു കണക്കുകൂടി എടുത്തു പറയേണ്ടതുണ്ട്.ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ 700 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇന്നലെ 700ആം ഗോൾ സ്വന്തമാക്കിയതും ലെവന്റോസ്ക്കി തന്നെയാണ്.ആ റെക്കോർഡും സ്വന്തം പേരിലേക്ക് മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതായാലും ഫ്ലിക്കിന് കീഴിൽ ഇപ്പോൾ ബാഴ്സ നടത്തുന്ന മാസ്മരിക പ്രകടനം അവരുടെ ആരാധകർക്ക് ഏറെ ആവേശം പകരുന്ന കാര്യമാണ്.