സൂപ്പർ താരങ്ങളെല്ലാം ഗോളടിച്ചു, ഉജ്ജ്വലവിജയത്തോടെ കൂമാന്റെ ബാഴ്സ ചാമ്പ്യൻസ് ലീഗ് തുടങ്ങി !

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ്‌ ജിയിൽ നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് ഉജ്ജ്വലവിജയം.ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ എതിരാളികളായ ഫെറെൻക്വെറോസിനെ തകർത്തു വിട്ടത്. സൂപ്പർ താരങ്ങളെല്ലാം തന്നെ ബാഴ്സക്ക് വേണ്ടി വലകുലുക്കുകയായിരുന്നു. ലയണൽ മെസ്സി, അൻസു ഫാറ്റി, ഫിലിപ്പെ കൂട്ടീഞ്ഞോ, പെഡ്രി, ഡെംബലെ എന്നിവരാണ് ബാഴ്സയുടെ സ്കോർ ബോർഡിൽ ഇടം നേടിയത്. ഫെറെൻക്വേറൊസിന് വേണ്ടി ഇഗോർ കറാട്ടിനാണ് ഗോൾ കണ്ടെത്തിയത്. മത്സരത്തിലുടനീളം ബാഴ്സ തന്നെയാണ് ആധിപത്യം പുലർത്തിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ മാത്രമേ നേടിയിരുന്നൊള്ളൂവെങ്കിലും രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ കൂടി നേടിക്കൊണ്ട് ബാഴ്സ വിജയമുറപ്പിക്കുകയായിരുന്നു. ജയത്തോടെ മൂന്ന് പോയിന്റുകൾ നേടികൊണ്ട് ഗ്രൂപ്പിൽ ബാഴ്സ ഒന്നാമതാണ്.

അന്റോയിൻ ഗ്രീസ്‌മാനെ പുറത്തിരുത്തി ട്രിൻക്കാവോക്ക് അവസരം നൽകികൊണ്ടാണ് കൂമാൻ ആദ്യ ഇലവൻ പുറത്ത് വിട്ടത്. മത്സരത്തിന്റെ ഇരുപത്തിയേഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് മെസ്സി ബാഴ്സയുടെ ആദ്യ ഗോൾ കണ്ടെത്തിയത്. തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. 42-ആം മിനുട്ടിലാണ് ഫാറ്റിയുടെ ഗോൾ പിറന്നത്. ഡിജോങിന്റെ മനോഹരമായ പാസ് ഫാറ്റി ഫിനിഷ് ചെയ്യുകയായിരുന്നു. 52-ആം മിനുട്ടിൽ കൂട്ടീഞ്ഞോയുടെ ഗോളും പിറന്നു. അൻസു ഫാറ്റി മറിച്ചു നൽകിയ പന്ത് ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ കൂട്ടീഞ്ഞോ വലയിലെത്തിച്ചു. എന്നാൽ 68-ആം മിനുട്ടിൽ പിക്വേ റെഡ് കാർഡ് കണ്ടു പുറത്ത് പോയത് ബാഴ്സക്ക് തിരിച്ചടിയായി.തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ഇഗോർ ഫെറെൻക്വേറൊസിന്റെ ആശ്വാസഗോൾ നേടുകയായിരുന്നു.82-ആം മിനുട്ടിലാണ് പകരക്കാരനായി വന്ന പെഡ്രിയുടെ ഗോൾ പിറക്കുന്നത്. ഡെംബലെയുടെ മുന്നേറ്റത്തിനൊടുവിൽ തനിക്ക് ലഭിച്ച പന്ത് ഈ യുവതാരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.89-ആം മിനുട്ടിൽ ഡെംബലെയും സ്കോർബോർഡിൽ ഇടം നേടി. മെസ്സിയുടെ പാസിൽ നിന്നാണ് താരം വലകുലുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *