സാഞ്ചോയോട് മാപ്പ് പറയണമെന്ന് ഡോർട്മുണ്ട്,യുണൈറ്റഡിലേക്ക് തന്നെ പോവണമെന്ന് ഡെൽപിയറോ

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ ബൊറൂസിയ ഡോർട്മുണ്ടിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വന്തം മൈതാനത്ത് ബൊറൂസിയ വിജയം കരസ്ഥമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഫുൾക്രഗ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ജേഡൻ സാഞ്ചോ പുറത്തെടുത്തത്.

പിഎസ്ജിയുടെ പ്രതിരോധനിരക്ക് വലിയ തലവേദന സൃഷ്ടിക്കാൻ സാഞ്ചോക്ക് കഴിഞ്ഞിരുന്നു. നേരത്തെ ബൊറൂസിയക്ക് വേണ്ടി കളിച്ചിരുന്ന സാഞ്ചോ പിന്നീട് വൻ തുകക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവുകയായിരുന്നു. എന്നാൽ അവിടെ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല എന്ന് മാത്രമല്ല ടെൻ ഹാഗുമായുള്ള പ്രശ്നത്തെ തുടർന്ന് സാഞ്ചോ ലോണിൽ ബൊറൂസിയയിലേക്ക് തന്നെ തിരികെ വരുകയായിരുന്നു. മികച്ച പ്രകടനം താരം പുറത്തെടുക്കുന്നതോടെ യുണൈറ്റഡിനും ടെൻ ഹാഗിനും വിമർശനങ്ങൾ ഏൽക്കേണ്ടിവരുന്നുണ്ട്.താരത്തെ കൃത്യമായി ഉപയോഗപ്പെടുത്താത്തതിലാണ് വിമർശനങ്ങൾ ഉയർന്നുവന്നത്.

ഇന്നലത്തെ മത്സരത്തിനുശേഷം ബൊറൂസിയ ഒരു ട്വീറ്റ്‌ പങ്കുവെച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ് ” നിങ്ങളെല്ലാവരും അദ്ദേഹത്തോട് മാപ്പ് പറയണം, ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ഈ പ്രകടനമൊക്കെ ചിരപരിചിതമാണ് “ഇതാണ് ബൊറൂസിയ കുറിച്ചിട്ടുള്ളത്. അതായത് യുണൈറ്റഡും ആരാധകരും ടെൻ ഹാഗുമൊക്കെ സാഞ്ചോയോട് മാപ്പ് പറയേണ്ടതുണ്ട് എന്നാണ് ക്ലബ്ബ് അറിയിച്ചിട്ടുള്ളത്.

അതേസമയം ഇറ്റാലിയൻ ഇതിഹാസമായ ഡെൽപിയറോ സാഞ്ചോയോട് തിരികെ യുണൈറ്റഡ്ലേക്ക് തന്നെ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ഒരു വലിയ മത്സരത്തിലാണ് സാഞ്ചോ ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തത്. അദ്ദേഹത്തിന്റെ കോളിറ്റി വെളിവാക്കുന്ന ഒരു മത്സരമായിരുന്നു ഇത്. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് തന്നെ മടങ്ങി പോകേണ്ടതുണ്ട് “ഇതാണ് യുവന്റസ് ഇതിഹാസം കൂടിയായ ഡെൽപിയറോ പറഞ്ഞിട്ടുള്ളത്.ടെൻ ഹാഗിന് കീഴിൽ കളിക്കാൻ സാഞ്ചോ തയ്യാറായിട്ടില്ല.ടെൻഹാഗ് യുണൈറ്റഡ് വിട്ടാൽ തീർച്ചയായും സാഞ്ചോ ക്ലബ്ബിൽ തന്നെ മടങ്ങിയെത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *