സമൂഹത്തിലെ വൈകല്യങ്ങളെ അതിജീവിച്ചവൻ :ബെൻസിമയെ കുറിച്ച് മനസ്സ് തുറന്ന് ലിയോൺ പ്രസിഡന്റ്‌!

തകർപ്പൻ ഫോമിലാണ് റയൽ മാഡ്രിഡ് സൂപ്പർതാരമായ കരിം ബെൻസിമ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.റയലിന്റെ ചരിത്രത്തിൽ ക്ലബ്ബിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം ബെൻസിമയാണ്.നിലവിലെ ബാലൺഡി’ഓർ ജേതാവായ ബെൻസിമ കഴിഞ്ഞ ചെൽസിക്കെതിരെയുള്ള മത്സരത്തിലും ഗോൾ നേടിയിരുന്നു. ഫ്രഞ്ച് ക്ലബ് ആയ ഒളിമ്പിക് ലിയോണിലൂടെയായിരുന്നു ഈ താരം വളർന്നിരുന്നത്.

ഒളിമ്പിക് ലിയോണിന്റെ പ്രസിഡണ്ടായ ജീൻ മൈക്കൽ ഓലസ് ബെൻസിമയെ കുറിച്ച് നിരവധി കാര്യങ്ങൾ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.ഫുട്ബോളിലെ മാത്രമല്ല, സമൂഹത്തിലെ തന്നെ വൈകല്യങ്ങളെ അതിജീവിച്ചവനാണ് ബെൻസിമ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. യുണൈറ്റഡിനെ തഴഞ്ഞു കൊണ്ടായിരുന്നു ബെൻസിമ റയലിനെ തിരഞ്ഞെടുത്തതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഓലസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒന്നുമില്ലായ്മയിൽ നിന്നാണ് ബെൻസിമ വിജയം എത്തിപ്പിടിച്ചിട്ടുള്ളത്. അവസരങ്ങളേക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ ആയിരുന്നു ബെൻസിമക്ക് ഉണ്ടായിരുന്നത്.ഒളിമ്പിക് ലിയോണിൽ ആയിരുന്ന സമയത്ത് ഒരുപാട് ഓഫറുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.എന്നാൽ റയൽ മാഡ്രിഡിലേക്ക് മാത്രമാണ് താൻ പോവുക എന്നുള്ളത് ബെൻസിമ എന്നോട് പറഞ്ഞു. അത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡിനെയൊക്കെ തഴഞ്ഞു കൊണ്ടാണ് ബെൻസിമ റയലിൽ എത്തിയത്. അദ്ദേഹത്തിന്റെ കഴിവ് ഡെവലപ്പ് ചെയ്യാൻ വേണ്ടിയാണ് റയലിനെ തിരഞ്ഞെടുത്തത്.അതുതന്നെയാണ് സംഭവിച്ചതും.ഫുട്ബോളിലെ വൈകല്യങ്ങളെ മാത്രമല്ല, സമൂഹത്തിലെ തന്നെ വൈകല്യങ്ങളെ അതിജീവിച്ചവനാണ് ബെൻസിമ “ഓലസ് പറഞ്ഞു.

ഈ സീസണിലും മികച്ച പ്രകടനമാണ് ബെൻസിമ ക്ലബ്ബിന് വേണ്ടി പുറത്തെടുക്കുന്നത്. അതേസമയം ഫ്രഞ്ച് ദേശീയ ടീമിൽ നിന്നും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.റയൽ മാഡ്രിഡ് കരിയർ അവസാനിപ്പിച്ചാൽ അദ്ദേഹം ഒളിമ്പിക് ലിയോണിലേക്ക് തന്നെ തിരിച്ചെത്താനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *