സനെയുടെ മുഖത്തിടിച്ച് മാനെ,ബയേൺ ടീമിൽ വിവാദം!

കഴിഞ്ഞ ദിവസം ചാമ്പ്യൻ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ബയേണിനെ പരാജയപ്പെടുത്തിയത്.റോഡ്രി,ബെർണാഡോ സിൽവ,ഹാലന്റ് എന്നിവരായിരുന്നു സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയിരുന്നത്. മത്സരത്തിൽ മോശം പ്രകടനമായിരുന്നു ബയേൺ പുറത്തെടുത്തിരുന്നത്.

ഈ മത്സരത്തിന് ശേഷം ബയേണിന്റെ ഡ്രസ്സിംഗ് റൂമിൽ അനിഷ്ട സംഭവങ്ങൾ നടന്നു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. അതായത് ബയേണിന്റെ സൂപ്പർ താരങ്ങളായ ലിറോയ് സാനെയും സാഡിയോ മാനെയും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്, മാത്രമല്ല മാനെ സാനെയുടെ മുഖത്ത് പിടിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് സഹതാരങ്ങൾ ഇടപെട്ടുകൊണ്ട് രണ്ടുപേരെയും പിടിച്ചു മാറ്റുകയായിരുന്നു.

പ്രമുഖ മാധ്യമമായ മിറർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് മത്സരത്തിന്റെ 69ആം മിനിട്ടിലായിരുന്നു മാനെ മുസിയാലക്ക് പകരം കളിക്കളത്തിലേക്ക് വന്നത്. എന്നാൽ മിനിറ്റുകൾക്ക് ശേഷം മാനെയും സാനെയും കളിക്കളത്തിൽ വെച്ച് തന്നെ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. കൃത്യമായ കമ്മ്യൂണിക്കേഷൻ നടക്കാത്തതിന്റെ പേരിലായിരുന്നു രണ്ടുപേരും തർക്കിച്ചിരുന്നത്. അതിന്റെ ബാക്കി എന്നോണമാണ് ഡ്രസിങ് റൂമിൽ അരങ്ങേറിയത് എന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബയേണിൽ എത്തിയ മാനെ ഇതാദ്യമായിട്ടല്ല വിവാദങ്ങളിൽ ഉൾപ്പെടുന്നത്. നേരത്തെ പരിശീലകനായ ജൂലിയൻ നഗൽസ്മാനെതിരെ ഡ്രസിങ് റൂമിൽ വെച്ച് പൊട്ടിത്തെറിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. ഏതായാലും താരത്തിന്റെ പ്രകടനം പുരോഗതി ഉണ്ടാവാത്തതിനാൽ സ്റ്റാർട്ടിങ് ഇലവനിൽ താരത്തിന് അവസരങ്ങൾ കുറവാണ്. ഇക്കാര്യത്തിൽ മാനെക്ക് കടുത്ത അസംതൃപ്തിയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *