വ്യാപകആക്രമണം, കൂട്ട അറസ്റ്റ്, പിഎസ്ജിയുടെ തോൽവിയിൽ മനംനൊന്ത് അഴിഞ്ഞാടി ആരാധകർ !

ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയ തങ്ങളുടെ ടീമിനെ വിജയം പ്രതീക്ഷിച്ചു കൊണ്ട് അനേകം പിഎസ്ജി ആരാധകർ ആയിരുന്നു ലോകത്തിന്റെ നാനാദിക്കുകളിലും മത്സരം വീക്ഷിച്ചു കൊണ്ടിരുന്നത്. സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പെയും അടങ്ങുന്ന ടീം കിരീടമുയർത്തും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷകളും. മത്സരം കാണാൻ പിഎസ്ജിയുടെ ഹോം മൈതാനമായ പാർക്ക്‌ ഡി പ്രിൻസസിന്റെ പുറത്ത് തടിച്ചു കൂടിയത് 5000-ലധികം വരുന്ന ആരാധകർ ആയിരുന്നു. പിഎസ്ജി ലീപ്‌സിഗിനെ കീഴടക്കി ഫൈനലിൽ എത്തിയ അന്ന് തന്നെ പാരീസിലും ഫ്രാൻസിന്റെ നാനാഭാഗത്തും അനിഷ്ടസംഭവങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് ഫൈനലിന് മുമ്പ് തന്നെ ആരാധകരോട് മാന്യമായി ആഘോഷിക്കാൻ പാരീസ് മേയർ അന്നേ ഹിഡാൽഗോ ഉത്തരവിട്ടിരുന്നു. മുൻ കരുതൽ എന്നോണം വലിയൊരു പോലീസ് സന്നാഹത്തെ പാരീസിൽ വിന്യസിക്കുകയും ചെയ്തിരുന്നു. എന്നാൽ പിഎസ്ജി തോറ്റതോടെ കാര്യങ്ങൾ കൈവിടുകയായിരുന്നു.

തോൽവിയിൽ മനംനൊന്ത പിഎസ്ജി ആരാധകർ നഗരത്തിൽ ആക്രമണം അഴിച്ചു വിട്ടതായാണ് പുറത്ത് വരുന്ന വാർത്തകൾ. പോലീസും ആരാധകരും നിരവധി തവണ തെരുവിൽ ഏറ്റുമുട്ടി. കോവിഡ് പ്രോട്ടോകോൾ ഒക്കെ കാറ്റിൽപറത്തിയായിരുന്നു ആരാധകരുടെ അഴിഞ്ഞാട്ടം. കാറുകൾ അഗ്നിക്കിരയാക്കുകയും കടകളുടെ ചില്ലുകൾ അടിച്ചു തകർത്തതായും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇതോടെ പോലീസ് വ്യാപകമായ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എൺപതിൽ പരം ആരാധകരെയാണ് പോലീസ് ഇന്നലെ മാത്രം അറസ്റ്റ് ചെയ്തത്. ഇതിനു മുൻപ് സെമി ഫൈനലിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പലപ്പോഴും ആരാധകരുടെ പ്രവർത്തനങ്ങൾ കൈവിട്ടു പോവുകയായിരുന്നു. അതേ സമയം ഫ്രഞ്ച് നഗരമായ മാഴ്സെയിൽ പിഎസ്ജിയുടെ തോൽവി ആഘോഷമാക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ പിഎസ്ജി ജേഴ്സി നിരോധിക്കുകയും പിന്നീട് നിരോധനം പിൻവലിക്കുകയും ചെയ്ത നഗരമാണ് മാഴ്സെ.

Leave a Reply

Your email address will not be published. Required fields are marked *