വീണ്ടും ഷാക്തറിനോട്‌ അടിയറവ് പറഞ്ഞു, നാണംകെട്ട് റയൽ മാഡ്രിഡ്‌ !

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡിന് നാണംകെട്ട തോൽവി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഷാക്തർ ഡോണസ്ക്ക്‌ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് തോറ്റിരുന്നുവെങ്കിൽ ഇപ്രാവശ്യം 2-0 എന്ന സ്കോറിനാണ് പരാജയമറിഞ്ഞത്. രണ്ടാം പകുതിയിലാണ് റയൽ മാഡ്രിഡ്‌ രണ്ട് ഗോളുകൾ വഴങ്ങിയത്. ഇതോടെ ചാമ്പ്യൻസ് ലീഗിൽ റയലിന്റെ അവസ്ഥകൾ വളരെ ഗുരുതരമായി. അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് മാത്രമുള്ള റയൽ മാഡ്രിഡ്‌ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. എട്ട് പോയിന്റുള്ള ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഏഴ് പോയിന്റുള്ള ഷാക്തർ ആണ് രണ്ടാമത്. അഞ്ച് പോയിന്റോടെ ഇന്റർമിലാൻ അവസാനസ്ഥാനത്താണ്.

ബെൻസിമ, അസെൻസിയോ, റോഡ്രിഗോ എന്നിവരെ അണിനിരത്തിയാണ് സിദാൻ ആക്രമണങ്ങൾ മെനഞ്ഞത്. മത്സരത്തിൽ തുടക്കത്തിൽ തന്നെ അസെൻസിയോയിലൂടെ ലീഡ് നേടാൻ റയലിന് അവസരം ലഭിച്ചുവെങ്കിലും സാധിച്ചില്ല. പിന്നീട് ബെൻസിമക്കും അവസരം ലഭിച്ചുവെങ്കിലും ഷാക്തർ ഗോൾകീപ്പർ തടസ്സമായി. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ റയലിന്റെ കൈവിട്ട് പോയി. 57-ആം മിനിറ്റിൽ ഡെന്റിഞ്ഞോയിലൂടെയാണ് ഷാക്തർ ലീഡ് നേടിയത്. ഇത് മടക്കാനുള്ള ശ്രമങ്ങൾ റയൽ നടത്തി കൊണ്ടിരിക്കെ 82-ആം മിനിറ്റിൽ സോളോമോൻ ഗോൾ കണ്ടെത്തിയതോടെ റയൽ പരാജയം സമ്മതിക്കുകയായിരുന്നു. അവസാനമായി കളിച്ച ലാലിഗ മത്സരവും റയൽ പരാജയപ്പെട്ടിരുന്നു. ഇതോടെ വലിയ തോതിലുള്ള വിമർശനങ്ങളാണ് റയലിനും പരിശീലകൻ സിദാനും ഏറ്റുവാങ്ങേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *