വിനീഷ്യസിന്റെ ഗോൾ,പതിനാലാം തവണയും യൂറോപ്പിന്റെ രാജാക്കന്മാരായി റയൽ മാഡ്രിഡ്!
റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗിലെ തേരോട്ടത്തിന് തടയിടാൻ ലിവർപൂളിനും സാധിച്ചില്ല. എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ പരാജയപ്പെടുത്തിക്കൊണ്ട് ഒരിക്കൽ കൂടി റയൽ മാഡ്രിഡ് യൂറോപ്പിന്റെ ചാമ്പ്യന്മാരാവുകയായിരുന്നു. ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറിന്റെ ഗോളാണ് റയൽ മാഡ്രിഡിന് മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനിച്ചത്.
മത്സരത്തിന്റെ 59-ആം മിനുട്ടിലാണ് വിനീഷ്യസിന്റെ വിജയ ഗോൾ പിറന്നത്.ഫെഡേ വാൽവെർദെയുടെ ക്രോസ് വിനീഷ്യസ് ഗോളാക്കി മാറ്റുകയായിരുന്നു. ഇതിന് മറുപടി നൽകാൻ ലിവർപൂളിന് സാധിച്ചില്ല.
🏆 Una competición para gobernarlos a todos.#CHAMP14NS pic.twitter.com/ifANpIsvD1
— Real Madrid C.F. (@realmadrid) May 28, 2022
മത്സരത്തിൽ ലിവർപൂൾ തന്നെയായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്. അവരുടെ നിരവധി മുന്നേറ്റങ്ങൾ നിഷ്ഫലമായി. പ്രത്യേകിച്ച് റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ കോർട്ടുവയുടെ ഉജ്ജ്വല പ്രകടനമാണ് ലിവർപൂളിന് വിലങ്ങുതടിയായത്. മത്സരത്തിൽ മിന്നിയത് കോർട്ടുവയാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല.
ഈ സീസണിലെ ലാലിഗ കിരീടവും റയൽമാഡ്രിഡ് തന്നെയായിരുന്നു സ്വന്തമാക്കുന്നത്.ഇതിന് പുറമെയാണ് കാർലോ ആഞ്ചലോട്ടി റയലിന് ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടിക്കൊടുക്കുന്നത്. വമ്പൻമാരായ പിഎസ്ജി, ചെൽസി,മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരെയൊക്കെ മറികടന്നു കൊണ്ടാണ് ഈ കിരീടം നേടിയത് എന്നുള്ളത് ഇതിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.