ലെവെൻ്റോസ്കി UCL പ്ലേയർ ഓഫ് ദി വീക്കായി തെരഞ്ഞെടുക്കപ്പെട്ടു
യുവേഫ ചാമ്പ്യൻസ് ലീഗിൽ പോയ വാരം നടന്ന മത്സരങ്ങളിലെ മികച്ച കളിക്കാരനായി ബയേൺ മ്യൂണിക്ക് സൂപ്പർ താരം റോബർട്ട് ലെവെൻ്റോസ്കി തെരഞ്ഞെടുക്കപ്പെട്ടു. ലെവെൻ്റോസ്കിക്ക് പുറമെ FC ബാഴ്സലോണയുടെ ലയണൽ മെസ്സി, യുവെൻ്റസിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, മാഞ്ചസ്റ്റർ സിറ്റിയുടെ കെയ്ൽ വാക്കർ എന്നിവരാണ് കഴിഞ്ഞ ആഴ്ചയിലെ മികച്ച താരത്തിനുള്ള പുരസ്ക്കാരത്തിനായി പരിഗണിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരങ്ങളിൽ യുവേഫയുടെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയവരാണിവർ. ഈ നാല് പേരിൽ നിന്നാണ് ഇപ്പോൾ ലെവെൻ്റോസ്കി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
Unstoppable right now. Lewandowski takes the prize for Player of the Week 🥇👏 #UCLPOTW | @FTBSantander | #UCL pic.twitter.com/SPHE53gGFe
— UEFA Champions League (@ChampionsLeague) August 10, 2020
കഴിഞ്ഞ വാരം നടന്ന മത്സരത്തിൽ ചെൽസിയെ ബയേൺ മ്യൂണിക്ക് 4-1ന് തകർത്ത് വിട്ടപ്പോൾ മിന്നും പ്രകടനമാണ് ലെവെൻ്റോസ്കി കാഴ്ച വെച്ചത്. മത്സരത്തിലെ ബയേണിൻ്റെ 4 ഗോളുകളിലും താരത്തിന് പങ്കാളിത്തമുണ്ടായിരുന്നു. പത്താം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ ലെവെൻ്റോസ്കി, ഇരുപത്തിനാലാം മിനുട്ടിൽ ഇവാൻ പെരിസിച്ചിൻ്റെ ഗോളിനും എഴുപത്തിയാറാം മിനുട്ടിൽ ടോളിസോയുടെ ഗോളിനും അസിസ്റ്റ് നൽകി. ഒടുവിൽ എൺപത്തിമൂന്നാം മിനുട്ടിൽ ഗോൾ പട്ടിക പൂർത്തിയാക്കിയതും അദ്ദേഹമാണ്. ആ മത്സരത്തിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി മാസ്മരിക പ്രകടനം പുറത്തെടുത്തത് തന്നെയാണ് ലെവെൻ്റോസ്കിയെ പ്ലേയർ ഓഫ് ദി വീക്ക് പുരസ്ക്കാരത്തിന് അർഹനാക്കിയത്.