ലെയ്പ്സിഗിനെ തകർത്തു, PSG ഫൈനലിൽ
PSG യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഫൈനലിൽ കടന്നു. സെമി ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജർമ്മൻ ക്ലബ്ബ് RB ലെയ്പ്സിഗിനെ മറികടന്നാണ് അവർ ഫൈനലിന് യോഗ്യത നേടിയത്. PSGയുടെ ഗോളുകൾ മാർക്കീഞ്ഞോസ്, എയ്ഞ്ചൽ ഡി മരിയ, ജുവാൻ ബെർനാറ്റ് എന്നിവരുടെ വകയായിരുന്നു. ഇന്ന് നടക്കുന്ന ഒളിമ്പിക് ലിയോൺ vs ബയേൺ മ്യൂണിക്ക് മത്സരത്തിലെ വിജയികളെയാണവർ ഫൈനലിൽ നേരിടുക. ഈ മാസം ഇരുപത്തിമൂന്നിനാണ് ഫൈനൽ.
ലിസ്ബണിൽ നടന്ന മത്സരത്തിൽ PSG ലെയ്പ്സിഗിന് മേൽ സമ്പൂർണ്ണ ആധിപത്യമാണ് പുലർത്തിയത്. പതിമൂന്നാം മിനുട്ടിൽ ഏയ്ഞ്ചൽ ഡി മരിയയുടെ ഫ്രീ കിക്കിൽ നിന്നും ഹെഡ്ഡറിലൂടെ ഗോൾ നേടിയ മാർക്കീഞ്ഞോസ് അവരെ മുന്നിലെത്തിച്ചു. നാൽപ്പത്തിരണ്ടാം മിനുട്ടിൽ നെയ്മറുടെ അസിസ്റ്റൽ നിന്നും ഡി മരിയ ഗോൾ നേടിയതോടെ ഇടവേള സമയത്ത് PSG 2-0 എന്ന സ്കോറിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന ഫ്രഞ്ച് ടീം അമ്പത്തിയാറാം മിനുട്ടിൽ ജുവാൻ ബെനോറ്റിലൂടെ ഗോൾ പട്ടിക പൂർത്തിയാക്കി. ഇത്തവണയും ഡി മരിയയാണ് അസിസ്റ്റ് നൽകിയത്. ചാമ്പ്യൻസ് ലീഗിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് PSG ഫൈനലിന് യോഗ്യത നേടുന്നത്.