ലീപ്സിഗ് സെമിയിൽ, സിമയോണിയുടെ സംഘത്തിന് മടങ്ങാം

ജർമ്മൻ ക്ലബ്ബ് RB ലീപ്സിഗ് യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ സെമി ഫൈനലിൽ കടന്നു. ക്വോർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അത്ലറ്റിക്കോ മാഡ്രിഡിനെയാണവർ പരാജയപ്പെടുത്തിയത്. ലീപ്സിഗിനായി ഡാനി ഒൽമോ, ടെയ്ലെർ ആഡംസ് എന്നിവരാണ് ഗോളുകൾ നേടിയത്. അത്ലറ്റിക്കോ മാഡ്രിഡിൻ്റെ ആശ്വാസ ഗോൾ ഹാവോ ഫെലിക്സിൻ്റെ വകയായിരുന്നു. സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബ് PSGയാണ് ലീപ്സിഗിൻ്റെ എതിരാളികൾ

ലിസ്ബണിൽ നടന്ന മത്സരത്തിൻ്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീപ്സിഗ് ലീഡെടുത്തു. അമ്പതാം മിനുട്ടിൽ സാബിറ്റ്സറുടെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ഡാനി ഒൽമോയാണ് അവരെ മുന്നിലെത്തിച്ചത്. സമനില ഗോളിനായുള്ള അത്ലറ്റിക്കോയുടെ ശ്രമങ്ങൾക്ക് എഴുപതാം മിനുട്ടിൽ ഫലം കണ്ടു. ഹാവോ ഫെലിക്സിനെ പെനാൽറ്റി ബോക്സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ വലയിലാക്കുകയായിരുന്നു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങും എന്ന് തോന്നിച്ച ഘട്ടത്തിലാണ് ലീപ്സിഗിൻ്റെ വിജയഗോൾ പിറന്നത്. എൺപത്തിയെട്ടാം മിനുട്ടിൽ പെനാൽറ്റി ബോക്സിന് പുറത്ത് നിന്നും ടെയ്ലർ ആഡംസ് തൊടുത്ത ഷോട്ട് സേവിച്ചിൻ്റെ കാലിൽ തട്ടി ഡിഫ്ലക്റ്റഡായി വലയിൽ കയറുകയായിരുന്നു. ലീപ്സിഗ് താരം ഡയോട്ട് അപമേക്കാനോയാണ് മാൻ ഓഫ് ദി മാച്ച്.

Leave a Reply

Your email address will not be published. Required fields are marked *