റയൽ മാഡ്രിഡിന്റെ കാര്യം എന്തെങ്കിലുമാവട്ടെ, ഞങ്ങളുടെ കാര്യക്ഷമത വർധിച്ചിട്ടുണ്ട് : കൂമാൻ !

റയൽ മാഡ്രിഡിന്റെ മോശം ഫോം തങ്ങളെ സംബന്ധിക്കുന്ന ഒന്നും തന്നെയല്ലെന്ന് ബാഴ്സ പരിശീലകൻ കൂമാൻ. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വെറോസിനെതിരെയുള്ള മത്സരത്തിൽ മികച്ച വിജയം കരസ്ഥമാക്കിയതിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൂമാൻ. റയൽ മാഡ്രിഡ്‌ മികച്ച രീതിയിൽ കളിക്കുകയോ മോശം ഫോമിൽ കളിക്കുകയോ, എന്ത് തന്നെയായാലും അത്‌ തങ്ങളുടെ പ്രശ്നമല്ല എന്നാണ് കൂമാൻ പ്രസ്താവിച്ചത്. അത്പോലെ തന്നെ ബാഴ്സയുടെ മിന്നും പ്രകടനത്തിൽ കൂമാൻ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ടീമിന്റെ കാര്യക്ഷമത വർധിച്ചിട്ടുണ്ടെന്നും സീസണിന്റെ തുടക്കത്തിൽ കാര്യക്ഷമത കുറവായിരുന്നു എന്നുമാണ് കൂമാന്റെ കണ്ടെത്തൽ. ഇനി കാഡിസിനെതിരെയുള്ള മത്സരത്തെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും അതിന് ശേഷം യുവന്റസിനെതിരെ വിജയിക്കണമെന്നും കൂമാൻ കൂട്ടിച്ചേർത്തു.

” ഞങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യം എന്തെന്നാൽ ഈ റൗണ്ട് കടക്കുക എന്നുള്ളതായിരുന്നു. അത്‌ ഞങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. തീർച്ചയായും ഞങ്ങൾക്ക്‌ ഒന്നാമതായി തന്നെ മുന്നേറേണ്ടതുണ്ട്. ഞങ്ങൾ ഇപ്പോൾ ശരിയായ പാതയിലാണ് സഞ്ചരിക്കുന്നത്. റയൽ മാഡ്രിഡ്‌ മികച്ച രീതിയിൽ കളിക്കുകയോ മോശം ഫോമിൽ കളിക്കുകയോ എന്തുമായിക്കോട്ടെ, അത്‌ ഞങ്ങളുടെ പ്രശ്നമല്ല. നിലവിൽ നല്ല താളത്തോടെ മികച്ച രീതിയിലാണ് ഞങ്ങൾ കളിക്കുന്നത്. ഒരുപാട് ഗോളുകൾ വരാൻ തുടങ്ങിയിരിക്കുന്നു. ടീമിൽ ഇപ്പോൾ ഞാൻ സന്തോഷവാനാണ്. വ്യക്തിഗതപ്രകടനങ്ങൾ ഞാൻ പരാമർശിക്കുന്നില്ല. എന്നെ സംബന്ധിച്ചെടുത്തോളം ടീമിന്റെ റിസൾട്ട്‌ ആണ് പ്രധാനം. നിലവിൽ ടീമിന്റെ കാര്യക്ഷമത വളരെയധികം വർധിച്ചിട്ടുണ്ട്. ഞങ്ങൾ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ സ്കോർ ചെയ്തു. അത്‌ ഇതിന്റെ തെളിവാണ്. സീസണിന്റെ തുടക്കത്തിൽ ഈ കാര്യക്ഷമതയുടെ അഭാവമായിരുന്നു ഞങ്ങൾക്ക് നേരിടേണ്ടി വന്നിരുന്നത് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *