റയൽ മാഡ്രിഡിനെ കുറിച്ച് ചിന്തിക്കുന്നേയില്ല, കൂമാൻ പറയുന്നു !

ശനിയാഴ്ച്ച നടക്കുന്ന എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ നേരിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നേയില്ലെന്ന് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ. ഇപ്പോൾ താൻ പ്രാധാന്യം നൽകുന്നത് ചാമ്പ്യൻസ് ലീഗിലെ മത്സരത്തിനാണെന്നും കൂമാൻ കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വെറോസിനെ നേരിടുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൂമാൻ. ഇന്ന് രാത്രിയാണ് ബാഴ്സ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിന് ബൂട്ടണിയുന്നത്. ഇന്ത്യൻ സമയം രാത്രി 12:30-ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം അരങ്ങേറുക. തങ്ങളെ സംബന്ധിച്ചെടുത്തോളം പ്രധാനപ്പെട്ട മത്സരമാണ് ഇതെന്നും തങ്ങൾക്ക് ഒരുപാട് ദൂരം താണ്ടാനുണ്ടെന്നും കൂമാൻ കൂട്ടിച്ചേർത്തു. ഇന്നത്തെ മത്സരത്തിൽ വിജയിക്കൽ ബാഴ്സക്ക് നിർബന്ധമായി വരും. എന്തെന്നാൽ യുവന്റസ് ഉൾപ്പെടുന്ന ഗ്രൂപ്പ്‌ ജിയിലാണ് ബാഴ്സ ഉൾപ്പെട്ടിരിക്കുന്നത്.

” ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ മത്സരം വിജയിക്കുക എന്നുള്ളത് എപ്പോഴും പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ച് ഹോം മൈതാനത്താകുമ്പോൾ. ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും, എന്തെന്നാൽ ഇപ്പോൾ ദുർബലരായ എതിരാളികൾ ഒട്ടും തന്നെയില്ല. നിങ്ങൾ ബാഴ്സലോണയിലായിരിക്കുമ്പോൾ നിങ്ങൾക്ക് കിരീടങ്ങൾ നേടേണ്ടതുണ്ട്. ലാലിഗയായാലും യൂറോപ്പായാലും കിരീടമാണ് പ്രഥമലക്ഷ്യം. ഞങ്ങൾ ചാമ്പ്യൻസ് ലീഗിലെ വലിയ ഫേവറേറ്റുകൾ ഒന്നുമല്ല. പക്ഷെ ഞങ്ങൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഇതൊരു ലളിതമായ മത്സരമായിരിക്കുമെന്ന് ഞാനൊരിക്കലും കരുതുന്നില്ല. ഞങ്ങൾ ശക്തമായ ഒരു ഇലവനെ തന്നെ ഇറക്കും. ഞങ്ങളൊരിക്കലും റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾ പ്രാധാന്യം കൽപ്പിക്കുന്നത് ചാമ്പ്യൻസ് ലീഗിലെ മത്സരത്തിനാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *